നിക്കരാഗ്വ വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു; അവസാന നയതന്ത്രജ്ഞനും രാജ്യം വിട്ടു

നിക്കരാഗ്വയിലെ വത്തിക്കാൻ നയതന്ത്ര ആസ്ഥാനം നിക്കരാഗ്വൻ ഗവൺമെന്റിന്റെ ആവശ്യപ്രകാരം പ്രവർത്തനം നിർത്തിയതായി വത്തിക്കാൻ അറിയിച്ചു. നിക്കരാഗ്വയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിന്റെ ചുമതലയുള്ള മോൺസിഞ്ഞോർ മാർസെൽ ദിയൂഫ് രാജ്യം വിട്ട് കോസ്റ്റാറിക്കയിലേക്ക് പോയി.

വിയന്ന കൺവെൻഷൻ ഓൺ ഡിപ്ലോമാറ്റിക് റിലേഷൻസ് പ്രകാരം, അപ്പോസ്തോലിക് ന്യൂൺഷിയേച്ചറിന്റെയും അതിന്റെ സ്വത്തുക്കളുടെയും സംരക്ഷണം ഇറ്റാലിയൻ റിപ്പബ്ലിക്കിനെ തിരികെ ഏൽപ്പിച്ചു. പുറപ്പെടും മുൻപ്, യൂറോപ്യൻ യൂണിയൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള നിക്കരാഗ്വയിലെ അംഗീകൃത നയതന്ത്ര പ്രതിനിധികൾ ദിയൂഫിന് യാത്രയയപ്പ് നൽകി.

നിക്കരാഗ്വയിലെ അവസാനത്തെ വത്തിക്കാൻ ഉദ്യോഗസ്ഥനായിരുന്നു ആർച്ചുബിഷപ്പ് ദിയൂഫ്. 2022 മാർച്ചിൽ അപ്പോസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ ഡാനിയേൽ ഒർട്ടേഗയുടെ സർക്കാർ പുറത്താക്കിയതിന് ശേഷം സ്ഥാനം ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം.

മാർച്ച് 12 ന് നിക്കരാഗ്വൻ വിദേശകാര്യ മന്ത്രാലയം വത്തിക്കാനുമായുള്ള നയതന്ത്രബന്ധം നിർത്തലാക്കുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായുള്ള ഒരു അഭിമുഖത്തിൽ പാപ്പാ ഒർട്ടെഗ ഭരണകൂടത്തെയും രാജ്യത്ത് കത്തോലിക്കാ സഭ പീഡിപ്പിക്കപ്പെടുന്നതിനെയും നിശിതമായി വിമർശിച്ചിരുന്നു. ഭരണകൂടത്തെ 1917 ലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തോടും 1935 ലെ ഹിറ്റ്‌ലറുടെ സ്വേച്ഛാധിപത്യത്തോടും താരതമ്യം ചെയ്യുകയും ചെയ്തു. ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളുടെ പേരിൽ 26 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മതാഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസിനെയും പാപ്പാ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അഭിനന്ദിച്ചിരുന്നു. ഇതാണ് വത്തിക്കാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഒർട്ടെഗയെ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.