
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി നടക്കുന്ന കോൺക്ലേവ് കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോൺക്ലേവായിരിക്കും. മെയ് ഏഴിന് സിസ്റ്റൈൻ ചാപ്പലിൽ 133 കർദിനാൾ ഇലക്ടർമാർ ഒത്തുകൂടുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു.
2005, 2013 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ 115 ഇലക്ടർമാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന മുൻകാല റെക്കോർഡ് തകർത്തു കൊണ്ട്, അഭൂതപൂർവമായ സംഖ്യ മുൻ പേപ്പൽ കോൺക്ലേവുകളെയെല്ലാം മറികടന്നു. 120-ലധികം കർദിനാൾമാർക്ക് വോട്ടവകാശമുള്ള ഒരു കോൺക്ലേവ് നടക്കുന്നത് ഇതാദ്യമാണെന്നും അടയാളപ്പെടുത്തുന്നു. പാപ്പ എന്ന നിലയിൽ തന്റെ പരമോന്നത അധികാരം പ്രയോഗിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സംഖ്യാ പരിധി നിയമപരമായി ഒഴിവാക്കിയതായി കോളേജ് ഓഫ് കാർഡിനൽസ് ഈ ആഴ്ച വെളിപ്പെടുത്തിയിരുന്നു.
80 വയസ്സിന് താഴെയുള്ള 135 കർദിനാൾമാരിൽ രണ്ടുപേർ ആരോഗ്യപരമായ കാരണങ്ങളാൽ കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നവരുടെ എണ്ണം 133 ആയി. അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതായത് ഒരാൾക്ക് കുറഞ്ഞത് 89 വോട്ടുകളെങ്കിലും ലഭിക്കണം.
ഈ വർഷത്തെ സമ്മേളനം സഭാ ചരിത്രത്തിലെ ഭൂമിശാസ്ത്രപരമായ വൈവിധ്യമാർന്ന ഒന്നായിരിക്കും. ആറ് ഭൂഖണ്ഡങ്ങളിലെ 71 രാജ്യങ്ങളിൽ നിന്നുള്ള 135 പേരിൽ ഏറ്റവും കൂടുതൽ പേർ ഇറ്റലി (17), യുണൈറ്റഡ് സ്റ്റേറ്റ്സ് (10), ബ്രസീൽ (7) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സമീപ വർഷങ്ങളിൽ 120-ൽ കൂടുതൽ ഇലക്ടർമാരെ ഉൾപ്പെടുത്തി കോൺക്ലേവ് നടന്നിട്ടില്ല.