വംശീയവിവേചനം കുട്ടികളിലുണ്ടാക്കുന്ന ആഘാതം വലുതെന്ന് റിപ്പോർട്ട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളിൽ പലരും ഇപ്പോഴും ശക്തമായ വംശീയവിവേചനം നേരിടുന്നുവെന്ന് യൂണിസെഫിന്റെ റിപ്പോർട്ട്. ബാല്യത്തിന്റെയും കൗമാരത്തിന്റെയും ആഗോളദിനാഘോഷവുമായി ബന്ധപ്പെട്ട് ‘നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ: കുട്ടികളിൽ വിവേചനത്തിന്റെ ആഘാതം’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ ഒരു റിപ്പോർട്ടിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളിൽ പലരും ശക്തമായ വംശീയവിവേചനം നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വ്യക്തമാക്കി. ഈ റിപ്പോർട്ട് പ്രകാരം വംശീയത, ഭാഷ, മതം എന്നിവയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരായ വംശീയതയും വിവേചനവും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ഇപ്പോഴും വ്യാപകമാണ്. ഇരുപത്തിരണ്ടു രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യൂണിസെഫ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.

ജനനവിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ പോലും വിവിധ മത-വംശീയ വിഭാഗങ്ങളിലെ കുട്ടികൾക്കിടയിൽ അസമത്വമുണ്ടെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കി. നാലു ലക്ഷത്തോളം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ കണക്കുകൾ പ്രകാരം, തങ്ങളുടെ ഇടയിൽ വിവേചനം സാധാരണമായ ഒന്നാണെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നുവെന്നും ഇവരിൽ പകുതിയോളം പേർ തങ്ങളുടെയോ, തങ്ങളുമായി ബന്ധപ്പെട്ട മറ്റാളുകളുടെയോ ജീവിതത്തിൽ വിവേചനത്തിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു.

“വ്യവസ്ഥാപിതമായ വംശീയതയും വിവേചനവും കുട്ടികളെ പലയിടങ്ങളിലും, അവസരങ്ങളിലും നിന്ന് ആജീവനാന്തം ഒഴിവാക്കുന്നു എന്നും കുട്ടികൾ, അവർ എവിടെ നിന്നായാലും, ആരായാലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള മെച്ചപ്പെട്ട മാർഗ്ഗമാണെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. കുട്ടികൾക്കെതിരായ വിവേചനങ്ങൾ ഒഴിവാക്കണമെന്നും അവയ്‌ക്കെതിരെ പോരാടണമെന്നും ആവശ്യപ്പെട്ട യൂണിസെഫ് മേധാവി, എല്ലാ കുട്ടികൾക്കും സംരക്ഷണത്തിനും തങ്ങളുടെ സാധ്യതകൾ സഫലീകരിക്കാൻ വേണ്ട അവസരങ്ങൾക്കും തുല്യ അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.