ഭീകരതക്കിടയിലും വിശ്വാസവും പ്രത്യാശയും മുറുകെപ്പിടിച്ച് മൊസാംബിക്കിലെ ക്രൈസ്തവർ

തീവ്രവാദികളുടെ ആക്രമണങ്ങൾക്കും പട്ടിണിക്കും ദാരിദ്ര്യത്തിനുമിടയിൽ വലയുമ്പോഴും വിശ്വാസവും പ്രത്യാശയും മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് മൊസാംബിക്കിലെ ക്രൈസ്തവർ. തെക്കു-കിഴക്കൻ ആഫ്രിക്കയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന മൊസാംബിക്കിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ സംഘടന നടത്തിയ സമ്മേളനത്തിലാണ് ഈ രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ വെളിപ്പെടുത്തിയത്.

പ്രധാനമായും പോർച്ചുഗീസ് കോളനിവത്ക്കരണം കാരണം ജനസംഖ്യയുടെ 54% ക്രിസ്ത്യാനികളുള്ള ഒരു പ്രധാന ക്രിസ്ത്യൻ രാജ്യമാണിത്. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ അഭിപ്രായത്തിൽ, അഞ്ച് വർഷം മുമ്പ്, 2017 ഒക്ടോബറിൽ യുവ തീവ്രവാദികളുടെ ഗ്രൂപ്പുകൾ ഉയർന്നുവരുന്നതു വരെ ഇവിടെ ക്രൈസ്തവർ സമാധാനത്തിൽ ജീവിച്ചുവന്നിരുന്നു. തീവ്രവാദി സംഘടനകളുടെ ഉത്ഭവത്തോടെ കൊള്ളയും കൊലയും പതിവായി മാറി. മുൻപ് യുദ്ധത്തെ മാത്രം ഭയന്നിരുന്ന ജനങ്ങൾ തീവ്രവാദികളുടെ ആക്രമണം മൂലം ഗതികേടിലായി. ഏകദേശം 4,000-ഓളം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു.

മൊസാംബിക്കിൽ ഏകദേശം 100 വർഷമായി യുദ്ധം നടക്കുന്നുണ്ടെന്ന് ബിഷപ്പ് ആൽബെർട്ടോ വെറ വിശദീകരിക്കുന്നു. ഇന്ന് റെനാമോ (മൊസാംബിക്കൻ നാഷണൽ റെസിസ്റ്റൻസ്) പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ പ്രചരിപ്പിച്ച ഭീകരത കാരണം ധാരാളം ക്രിസ്ത്യാനികളും ചില മുസ്ലീങ്ങളും സ്വഭവനങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായിരിക്കുന്നു. 2010-ൽ ഈ സാഹചര്യം ആരംഭിച്ചതായി ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. മുസ്ലീം രാജ്യങ്ങളിൽ പഠിക്കാൻ അയച്ച ചെറുപ്പക്കാർ സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും പോലും ധിക്കരിച്ചുകൊണ്ട് മതമൗലികവാദ ആശയങ്ങളുമായി എത്തിയതായി മുസ്ലിം നേതാക്കൾ പോലും മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ പതിവായി. ക്രൈസ്തവ ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കും മിഷനറിമാർക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു. ഒപ്പം ക്രൈസ്തവരുടെ തൊഴിൽമേഖലകളും ഇല്ലാതാക്കിക്കൊണ്ടാണ് തീവ്രവാദികൾ ആക്രമണങ്ങൾ നടത്തിയത്. അതോടെ പട്ടിണിയും ദാരിദ്ര്യവും അവരെ കാർന്നുതിന്നു തുടങ്ങി.

ഈ പരിതഃസ്ഥിതികളിലും വിശ്വാസത്തോടെ ക്രിസ്തുവിനെ ചേർത്തുപിടിക്കുകയാണ് ഇവിടെയുള്ള ക്രൈസ്തവർ. അവർ മിഷനറിമാരോട് തങ്ങളെ വിട്ട് പോകരുതെന്ന് അഭ്യർത്ഥിക്കുന്നതായി കേട്ടിട്ടുണ്ട്. അത്രയും വിശ്വാസമാണ് അവരുടേത് – ബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.