
പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർദിനാൾ സംഘം ഇന്ന് രാവിലെ വത്തിക്കാനിൽ വിശുദ്ധ കുർബാന അർപ്പിക്കും. ‘പ്രോ എലിജേന്തൊ പൊന്തീഫിച്ചെ’ (pro eligendo Pontifice) എന്ന ലത്തീൻ പദത്തിലാണ് ഈ വിശുദ്ധ കുർബാന അറിയപ്പെടുന്നത്.
വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഇന്ന് രാവിലെ പ്രാദേശിക സമയം 10 മണിക്ക്( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) കർദിനാൾ സംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബത്തീസ്ത റേയുടെ (Card. Giovanni Battista Re) മുഖ്യകാർമ്മികത്വത്തിൽ ‘പ്രോ എലിജേന്തൊ പൊന്തീഫിച്ചെ’ വിശുദ്ധ കുർബാന ആരംഭിക്കും. ഇതിൽ 220 കർദിനാളന്മാർക്കു പുറമെ മെത്രാന്മാരും വൈദികരും സഹകാർമ്മികരായിരിക്കും.
ഈ കുർബാനയ്ക്കു ശേഷം വൈകുന്നേരം 4.30-നായിരിക്കും പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവ് ആരംഭിക്കുക. ലത്തീൻ റീത്തിലെയും പൗരസ്ത്യ സഭകളിലെയും വോട്ടവകാശമുള്ള കർദിനാളന്മാർ നിശ്ചിത വേഷങ്ങൾ അണിഞ്ഞതിനു ശേഷം പേപ്പൽ ഭവനത്തിലെ പൗളിൻ ചാപ്പലിൽ നിന്ന്, സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചുകൊണ്ടായിരിക്കും സിസ്റ്റയിൻ കപ്പേളയിലേക്കു പ്രദക്ഷിണമായി നീങ്ങുക. സിസ്റ്റയിൻ കപ്പേളയിൽ എത്തിയതിനു ശേഷം ‘വേനി ക്രെയാത്തോർ സ്പീരിത്തൂസ്’ എന്ന റൂഹാക്ഷണ പ്രാർഥനയെത്തുടർന്ന് കൊൺക്ലേവിൻറെ നിബന്ധനകൾ അനുസരിച്ചുള്ള പ്രതിജ്ഞ കർദിനാളന്മാർ ചൊല്ലും. അതിനു ശേഷം ആയിരിക്കും വോട്ടെടുപ്പ്.
പുതിയ പാപ്പയെ തിരിഞ്ഞെടുക്കുന്നതിന് കോൺക്ലേവിൽ പ്രവേശിക്കുന്നതിന് അർഹതയുള്ള 135 കർദിനാളന്മാരിൽ 133 പേരും റോമിൽ എത്തിയിട്ടുണ്ട്. രണ്ടു കർദിനാളന്മാർ അനാരോഗ്യം മൂലം കോൺക്ലേവിൽ പങ്കെടുക്കില്ല. ഇന്ത്യയിൽ നിന്നുള്ള വോട്ടവകാശമുള്ള നാലു കർദിനാളന്മാരും റോമിലുണ്ട്. മലങ്കര കത്തോലിക്കാസഭയുടെ മേജർ ആർച്ചുബിഷപ്പായ മാർ ബസേലിയോസ് ക്ലീമിസ്, മാർ ജോർജ് ജേക്കബ് കൂവക്കാട്, ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യാവൊ ദൊ റോസാരിയൊ ഫറാവൊ, അന്തോണി പൂള എന്നിവരാണ് ഇരുനൂറ്റിയറുപത്തിയേഴാമത്തെ പാപ്പയെ തിരഞ്ഞെടുക്കുന്നതിന് കൊൺക്ലേവിൽ പങ്കെടുക്കുന്ന ഇന്ത്യക്കാരായ കർദിനാളന്മാർ.