ഇന്ന് ലെയോ പതിനാലാമൻ പാപ്പയ്ക്ക് റോം നഗരത്തിന്റെ ആദരവ്

ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പ ഒരേസമയം റോം രൂപതയുടെ മെത്രാനും കൂടിയാണ്. ലെയോ പതിനാലാമൻ പാപ്പ റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ഇന്ന് തന്റെ കത്തീഡ്രൽ ദൈവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഔദ്യോഗികമായി സ്ഥാനമേൽക്കും. ഇന്ന് വൈകുന്നേരമാണ് റോമൻ നഗരത്തിന്റെ ആദരവും തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകളും നടക്കുന്നത്.

ബസിലിക്കയിൽ എത്തുന്നതിനു മുൻപായി റോമിന്റെ മേയർ റോബെർത്തോ ഗ്വാൾതിയേരി കംബഥോല്യയിൽ വച്ച്, റോം നഗരത്തിന്റെ ആദരവ് പ്രകടിപ്പിച്ച് പാപ്പയെ സ്വീകരിക്കും. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രാദേശിക സമയം വൈകുന്നേരം 4.15 നാണ് പാപ്പയ്ക്ക് റോം നഗരത്തിന്റെ ആദരവ് നൽകുന്നത്. തുടർന്ന് പാപ്പ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന ഔദ്യോഗിക സിംഹാസനത്തിൽ ഇരിക്കുന്ന ചടങ്ങും, വിശുദ്ധ കുർബാനയും നടക്കും. ഈ ചടങ്ങുകൾ അവസാനിക്കുമ്പോൾ, ബസിലിക്കയുടെ മുൻവശത്ത് നിന്നുകൊണ്ട് പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും, റോമൻ നഗരത്തെ ആശീർവ്വദിക്കുകയും ചെയ്യും.

തുടർന്ന്, പ്രാദേശിക സമയം വൈകുന്നേരം ഏഴു മണിക്ക്, റോമിലെ മരിയ മജോറ ബസിലിക്കയിൽ എത്തുകയും പരിശുദ്ധ കന്യകാമറിയത്തിന്റെ അത്ഭുത ഐക്കൺ ചിത്രമായ ‘സാലൂസ് പോപ്പോളി റൊമാനി’യുടെ മുൻപിൽ പ്രാർഥിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.