സിബിസിഐ സമ്മേളനത്തിനു തുടക്കമായി

കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ മുപ്പത്തിയഞ്ചാമത് പ്ലീനറി സമ്മേളനത്തിന് ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സമ്മേളനം അപ്പസ്തോലിക് നുൺഷ്യോ ആർച്ചുബിഷപ്പ് ലെയോ പോൾദോ ജിറെല്ലി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് ഫ്രാൻസിസ് പാപ്പാ ആശംസകൾ നേർന്നതായി അദ്ദേഹം അറിയിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി സഭയുടെ പ്രവർത്തനങ്ങൾ കൂടുതലായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ് ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സിനഡാത്മകത എന്നാൽ എല്ലാ മതവിഭാഗക്കാർക്കൊപ്പവും എന്നതാണെന്ന് ഓസ്വാൾഡ് ഗ്രെഷ്യസ് പറഞ്ഞു. സിബിസിഐ വൈസ് പ്രസിഡന്റ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം വായിച്ചു. സെക്രട്ടറി ജനറൽ ഡോ. ഫെലിക്സ് മച്ചാഡോ റിപ്പോർട്ട് അവതരിപ്പിച്ചു. ബംഗളൂരു ആർച്ചുബിഷപ് ഡോ. പീറ്റർ  മച്ചാഡോ സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജെർവിസ് ഡിസൂസ നന്ദിയും പറഞ്ഞു.

174 രൂപതകളിൽ നിന്നുള്ള ഇരുനൂറോളം ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രണ്ടു വർഷത്തിലൊരിക്കലാണ് സിബിസിഐ ജനറൽ ബോഡി യോഗം സംഘടിപ്പിക്കാറുള്ളത്. കോവിഡ് നിയന്ത്രണമുണ്ടായിരുന്ന വർഷങ്ങളിൽ ജനറൽ ബോഡി യോഗം നടത്തിയിരുന്നില്ല. സിനഡാത്മക സഭയെക്കുറിച്ചാണ് യോഗത്തിൽ ചർച്ചകൾ നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.