യൂറോപ്പിലെ ഊർജ്ജപ്രതിസന്ധിയിൽ വേദനിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കത്തോലിക്കാ സഭ

വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെയും ഊർജ്ജപ്രതിസന്ധിക്കെതിരെയും യൂറോപ്യൻ യൂണിയൻ കത്തോലിക്കാ മെത്രാൻസമിതി. മെത്രാൻസമിതിയുടെ സാമൂഹിക വ്യവഹാര കാര്യങ്ങളുടെ അദ്ധ്യക്ഷൻ മോൺസിഞ്ഞോർ അന്തോണി ഹെറോഡ് ഇറക്കിയ പത്രക്കുറിപ്പിൽ രാജ്യങ്ങൾക്കിടയിൽ ഉണ്ടാകേണ്ട സഹാനുഭാവത്തെപ്പറ്റിയും ഊർജ്ജനിർമ്മിതിക്കു വേണ്ട ഒരുമിച്ചുള്ള പോരാട്ടത്തെയും എടുത്തുപറഞ്ഞു.

അനിയന്ത്രിതമായ വിലക്കയറ്റവും ഊർജ്ജപ്രതിസന്ധിയും

ഏതാനും മാസങ്ങളായി പുരാതനമായ യൂറോപ്യൻ നാടുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഊർജ്ജപ്രതിസന്ധിയും വിലക്കയറ്റവും. സാധാരണക്കാരായ ജനങ്ങളെ സാരമായി ബാധിച്ച ഈ രണ്ടു കാര്യങ്ങളിലും യാതൊരുവിധ ഭേദവുമന്യേ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നതാണ് യൂറോപ്യൻ യൂണിയൻ കത്തോലിക്കാ മെത്രാൻസമിതിയുടെ വാർത്താക്കുറിപ്പ്. വിലക്കയറ്റത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന യൂറോപ്യൻ ജനത ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴുമോയെന്ന ആശങ്കയാണ് കത്തോലിക്കാ സഭ യൂറോപ്യൻ യൂണിയനെ അറിയിച്ചത്.

യുദ്ധവും അനുബന്ധിത ഊർജ്ജപ്രതിസന്ധിയും

ഈ വർഷം ഫെബ്രുവരി ഇരുപത്തിനാലാം തീയതി ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധം യഥാർത്ഥത്തിൽ താളം തെറ്റിച്ചത് സാധാരണക്കാരായ ജനതയെയാണ്. ബദൽ സംവിധാനങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാതെയും നിർമ്മിക്കാതെയും ഊർജ്ജ ഇറക്കുമതിയിലും കയറ്റുമതിയിലും രാജ്യങ്ങൾ സ്വീകരിച്ച അശാസ്ത്രീയമായ തീരുമാനങ്ങൾ വലിയ പ്രതിസന്ധിക്ക് വഴിവച്ചു. ചെറുകിട വ്യവസായങ്ങൾ മുതൽ വൻകിട വ്യവസായങ്ങൾ വരെ നിശ്ചലമായിപ്പോകുന്ന ദയനീയമായ അവസ്ഥക്ക് ഇത് കാരണമായി. പലരെയും ആത്മഹത്യയിലേക്കുപോലും തള്ളിവിട്ട ഈ ഊർജ്ജപ്രതിസന്ധിയെ മറികടക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ തേടണമെന്നും മെത്രാൻസമിതി ആവശ്യപ്പെട്ടു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.