
റഷ്യൻ അധിനിവേശത്തിന്റെ തുടക്കം മുതൽ ഉക്രൈനിൽ വൈദികരും ബിഷപ്പുമാരും യുദ്ധത്തിന് ഇരകളായവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. ഉക്രേനിയൻ വാർത്താ ഔട്ട്ലെറ്റ് ന്യൂ വോയ്സ് ഓഫ് ഉക്രൈനു നൽകിയ അഭിമുഖത്തിൽ, ഫെബ്രുവരി 24-ന് യുദ്ധം ആരംഭിച്ചതിനു ശേഷം രാജ്യത്തുടനീളമുള്ള ഉക്രേനിയൻ ജനതയെ കത്തോലിക്കാസഭ സഹായിച്ചതിന്റെ വിവരങ്ങൾ ആർച്ചുബിഷപ്പ് വിശദമാക്കി.
ആർച്ചുബിഷപ്പ് ഷെവ്ചുക്ക് ഉക്രൈനിലേക്കുള്ള മാർപാപ്പയുടെ സന്ദർശനത്തിന്റെ സാധ്യതയെക്കുറിച്ചും വെളിപ്പെടുത്തി. “ഫെബ്രുവരി 24-ന് രാവിലെ ആദ്യത്തെ റോക്കറ്റ് കീവിൽ പതിച്ചപ്പോൾ ഞങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങളുടെ എല്ലാ ബിഷപ്പുമാരും വൈദികരും കീവ്, ഖാർക്കിവ്, ചെർനിഹിവ്, സുമി, ഒഡെസ, സപ്പോരിജിയ എന്നിവിടങ്ങളിലെ ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഓടി. മനുഷ്യജീവന്റെ മൂല്യം സംരക്ഷിക്കാനായിരുന്നു അത്.”
യുദ്ധമേഖലയിൽ, ബിഷപ്പുമാരും വൈദികരും തങ്ങളുടെ ജനത്തോടൊപ്പം നിൽക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. ഞങ്ങൾ അവിടെയുണ്ടായിരുന്നു. യുദ്ധമേഖലയിൽ ആയിരുന്നുകൊണ്ട് മറ്റുള്ളവരെ രക്ഷപെടാൻ സഹായിച്ചു. ഞങ്ങൾ ബോംബ് ഷെൽട്ടറുകൾ സ്ഥാപിക്കാനും ആളുകൾക്ക് ഭക്ഷണം നൽകാനും വസ്ത്രങ്ങൾ എത്തിക്കാനും ആവശ്യമായ സഹായം നൽകി.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ‘ഹിറ്റ് ലിസ്റ്റിൽ’ ഉൾപ്പെട്ട നിരവധി ഉക്രേനിയൻ നേതാക്കളിൽ ഒരാളാണെന്നു പറയപ്പെടുന്ന വ്യക്തിയാണ് ആർച്ചുബിഷപ്പ് ഷെവ്ചുക്ക്. യുദ്ധത്തിന്റെ ആദ്യ ആഴ്ചകൾ കീവിലെ ഒരു സുരക്ഷിതഭവനത്തിൽ ചെലവഴിച്ചു. അതിനു ശേഷം പാത്രിയാർക്കൽ കത്തീഡ്രലിന് അടുത്തുള്ള തന്റെ ഭവനത്തിലേക്ക് അദ്ദേഹം മടങ്ങി. ഈ കത്തീഡ്രലിന്റെ ബേസ്മെന്റ് നിരവധി പേരുടെ അഭയകേന്ദ്രമാണ്.