കോംഗോയിലെ ആശുപത്രിയിൽ തീവ്രവാദ ആക്രമണം; ഒരു കത്തോലിക്കാ സന്യാസിനി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു

കോംഗോയിലെ മബോയ മിഷൻ ആശുപത്രിക്കു നേരെ തീവ്രവാദികളുടെ ആക്രമണം. ഈ ആക്രമണത്തിൽ ഒരു കത്തോലിക്കാ സന്യാസിനി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേരെ കാണാതായി. കോംഗോയിലെ ഇസ്ലാമിക് വിമതഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) ഒക്ടോബർ 19-നായിരുന്നു ആക്രമണം നടത്തിയത്.

മബോയയിലെ കത്തോലിക്കാ ആശുപത്രി ലക്ഷ്യമാക്കി അർദ്ധരാത്രിയിൽ നടത്തിയ ഭീകരാക്രമണത്തിൽ രോഗികളും ഒരു ജീവനക്കാരനും കൊല്ലപ്പെടുകയും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അക്രമികൾ മോഷ്ടിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ സിൽവി കലിമയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അതിനു ശേഷം അവർ ആശുപത്രിക്ക് തീയിട്ടു.

“ഞങ്ങളുടെ നഗരം രാത്രിയിൽ ആക്രമിക്കപ്പെട്ടു. ആറ് പേർ കൊല്ലപ്പെട്ടുവെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും” – മബോയയിലെ ഒരു ആംഗ്ലിക്കൻ പാസ്റ്റർ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) പറഞ്ഞു. “ആശുപത്രിയിൽ വെടിയൊച്ച കേട്ടപ്പോൾ ഞങ്ങൾ ഓടിയെത്തി. രാത്രി മുഴുവൻ കുറ്റിക്കാട്ടിൽ ഒളിച്ചു. ഡ്യൂട്ടിയിലായിരുന്ന സിസ്റ്റർ സിൽവി കലിമയെ കൊലപ്പെടുത്തി. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതശരീരം മാത്രമാണ് രാവിലെ ഞങ്ങൾ കണ്ടത്. മറ്റ് ആറു പേരും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗികൾ ആയിരുന്നു” – സിസ്റ്റേഴ്സ് വെളിപ്പെടുത്തുന്നു. ആശുപത്രിക്കു സമീപമുള്ള കടകളിൽ നിന്നും വീടുകളിൽ നിന്നും രണ്ട് സന്യാസിനിമാർ ഉൾപ്പെടെ നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (ഡിആർസി) ഇസ്ലാമികവത്ക്കരിക്കാനുള്ള ശ്രമത്തിൽ ഒക്‌ടോബർ ആദ്യം മുതൽ എഡിഎഫ് മിലിഷ്യ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആക്രമണം വർദ്ധിപ്പിച്ചു. ഒക്‌ടോബർ നാലിന് കൈനാമ, നോർഡ്-കിവുവിൽ 20 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.