ടെക്‌സാസ് സ്‌കൂൾ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് രക്ഷാകവചമായി മാറിയ അധ്യാപകൻ

മെക്‌സിക്കൻ സംസ്ഥാനമായ കോഹു സ്വദേശിയാണ് അർനുൽഫോ റെയ്‌സ്. ടെക്‌സാസിലെ റോബ് എലിമെന്ററി സ്‌കൂൾ അധ്യാപകനാണ് അദ്ദേഹം. മെയ് 24- ന് സ്‌കൂളിൽ ആക്രമണം നടന്നപ്പോൾ റെയ്സും അവിടെയുണ്ടായിരുന്നു. സ്വന്തം ശരീരം ഒരു കവചമായി ഉപയോഗിച്ച് തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളെ അദ്ദേഹം സംരക്ഷിച്ചു. തത്ഫലമായി അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റിരുന്നു.

ടെക്‌സാസിലെ ഉവാൾഡെ നഗരത്തിലാണ് റോബ് എലിമെന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. അക്രമി നിറയൊഴിച്ചപ്പോൾ പൊലിഞ്ഞത് 19 ജീവനുകളാണ്; അതും എട്ടിനും പതിനൊന്നിനും മദ്ധ്യേ പ്രായമുള്ള കുരുന്നുകൾ. തന്റെ വിദ്യാർത്ഥികളുടെ ജീവനാണ് ഈ അധ്യാപകൻ ഏറ്റവും കൂടുതൽ വില കല്പിച്ചിരുന്നത്. അതുകൊണ്ടാണ് സ്വന്തം ജീവൻ പോലും അറിഞ്ഞുകൊണ്ട് അപകടത്തിലാക്കി അദ്ദേഹം അക്രമിയുടെ മുന്നിലേക്കു വന്നത്. കുട്ടികൾക്കായി രക്ഷാകവചം തീർത്തപ്പോൾ അദ്ദേഹത്തിന് ഉറപ്പായിരുന്നു, വെടിയുണ്ടകൾ പതിക്കുന്നത് തന്റെ നെഞ്ചിലേക്കാണെന്ന്. എങ്കിലും അദ്ദേഹം ഒരു നിമിഷത്തേക്കു പോലും സ്വാർത്ഥമോഹിയായില്ല. വെടിയുണ്ടകൾ തന്റെ ശരീരത്തിൽ പതിച്ചപ്പോഴും അദ്ദേഹം പതറിയില്ല. കഴിഞ്ഞ 15 വർഷങ്ങളായി റെയ്‌സ് അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ്; അതിൽ ഏഴും വർഷവും അദ്ദേഹം ചെലവഴിച്ചത് റോബ് എലിമെന്ററി സ്‌കൂളിലും.

കൈയ്യിലും ഇടത് ശ്വാസകോശത്തിലും മുറിവേറ്റ റെയ്‌സിനെ സാൻ അന്റോണിയോയിലെ ആശുപത്രിയിൽ ശസ്ത്രക്രിയകൾ നടത്തി. “ടെക്സാസിലെ ഉവാൾഡെ നഗരത്തിലെ റോബ് എലിമെന്ററി സ്‌കൂളിൽ നടന്ന ദുരന്തത്തിൽ നിന്ന് തന്റെ വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇടതു ശ്വാസകോശത്തിലും ഇടതു കൈയ്യിലും അർനുൽഫോ റെയ്‌സിന് വെടിയേറ്റു” – റെയ്‌സിന്റെ ബന്ധുവായ എറിക്ക് ജെ. ബെർണൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റെയ്സൻ നിരവധി ശാസ്ത്രക്രിയകളിലൂടെ കടന്നുപോയി. അദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്‌തെന്നും എറിക്ക് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.