
ക്യൂബയിലെ ആഭ്യന്തര പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും ജനാധിപത്യപരമായ മാറ്റങ്ങൾക്കും വേണ്ടി വത്തിക്കാൻ ക്യൂബൻ ഭരണകൂടവുമായി സജീവമായ ചർച്ചകൾ നടത്തുകയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ വെളിപ്പെടുത്തി. ക്യൂബൻ ജനത നേരിടുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ പരിഹരിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്യൂബൻ സർക്കാരും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുമായി വത്തിക്കാൻ നിരന്തരമായി ശ്രമിച്ചുവരികയാണ്. ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നീക്കങ്ങൾ. ഭക്ഷ്യക്ഷാമവും വൈദ്യുതി പ്രതിസന്ധിയും മൂലം ക്യൂബൻ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ വത്തിക്കാൻ ആശങ്ക രേഖപ്പെടുത്തി. “സംഭാഷണത്തിലൂടെ മാത്രമേ ശാശ്വതമായ പരിഹാരമുണ്ടാകൂ,” എന്ന് കർദിനാൾ പരോളിൻ ഊന്നിപ്പറഞ്ഞു.




