
വത്തിക്കാൻ സിനഡ് ഓഫീസിന്റെ നേതൃത്വം, പുതിയ മാർപാപ്പയോടുള്ള അനുസരണവും പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. വത്തിക്കാൻ സിനഡ് ഓഫീസിന്റെ നേതൃത്വം, പാപ്പയ്ക്ക് അയച്ച ഒരു പൊതുകത്തിലൂടെയാണ് തങ്ങളുടെ സംലഭ്യത അറിയിച്ചത്. സിനഡ് നേതാക്കൾ തങ്ങളുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയയിലും ഇത് പങ്കുവച്ചു.
ലെയോ പതിനാലാമന്റെ മാർഗനിർദേശപ്രകാരം സിനഡൽ യാത്ര ‘തുടരുന്നു’ എന്ന് ചൂണ്ടിക്കാട്ടിയ കത്തിൽ, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ്, “എല്ലാവരെയും ശ്രവിക്കുന്ന, അടുത്തിരിക്കുന്ന, ആധികാരികവും സ്വാഗതാർഹവുമായ ബന്ധങ്ങൾക്ക് പ്രാപ്തിയുള്ള, ഒരു മിഷനറി സിനഡൽ സഭയുടെ വളർച്ചയെ സഹായിക്കുന്നതിന്, നിങ്ങൾ നിർദേശിക്കുന്ന കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നോക്കുന്നു” എന്നാണ് കത്തിൽ പറയുന്നത്.
സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെച്ചും അണ്ടർസെക്രട്ടറിമാരായ സിസ്റ്റർ നതാലി ബെക്വാർട്ടും ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ ഒ എസ് എ യും ഒപ്പിട്ട ഈ കത്ത്, 2021-ൽ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് ആരംഭിച്ചതുമുതൽ കടന്നുവന്ന കാര്യങ്ങൾ വിശദീകരിക്കുന്നു. 2024 ഒക്ടോബറിൽ പൊതുസമ്മേളനത്തിന്റെ അവസാനം ഫ്രാൻസിസ് മാർപാപ്പ അന്തിമ രേഖ അംഗീകരിച്ചതും ഇതിൽ ഉൾപ്പെടുന്നു.
ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എന്ന നിലയിൽ, ഇപ്പോഴത്തെ മാർപാപ്പ 2023 ഒക്ടോബറിലും 2024 ഒക്ടോബറിലും നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് അസംബ്ലിയുടെ രണ്ട് സെഷനുകളിലും പങ്കെടുത്തു. ലെയോ പതിനാലാമൻ മാർപാപ്പയെപ്പോലെ, സിനഡിന്റെ അണ്ടർസെക്രട്ടറിമാരിൽ ഒരാളായ ബിഷപ്പ് മാരിനും ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ അംഗമാണ്.