റഷ്യൻ ആക്രമണം ഉക്രൈൻ ജനതയുടെ ജീവിതാവകാശത്തിന് എതിരെയെന്ന് മേജർ ആർച്ചുബിഷപ്പ്

റഷ്യൻ ആക്രമണം ഉക്രൈൻ ജനതയുടെ ജീവിതാവകാശത്തിന് എതിരെയെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ചുബിഷപ്പ് സ്റ്റാനിസ്ലാവ് ഷെവ്ചുക്. റഷ്യ-ഉക്രൈൻ യുദ്ധത്തെ സംബന്ധിച്ചും ഉക്രൈനിൽ ഇല്ലാതാക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ചും യുദ്ധത്തിന്റെ അവസാനത്തിനായുള്ള മാർഗ്ഗങ്ങളെക്കുറിച്ചും നവംബർ 14 -ന് വത്തിക്കാനിലേക്കുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡർമാരടങ്ങുന്ന സംഘത്തിന്റെ സാന്നിധ്യത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ജീവിക്കാനും സുരക്ഷക്കും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉക്രൈൻ ജനതയുടെ അവകാശങ്ങളാണ് റഷ്യ ഉക്രൈനെതിരെ നടത്തുന്ന യുദ്ധം മൂലം തങ്ങൾക്ക് നഷ്ടമാകുന്നതെന്ന് ആർച്ചുബിഷപ്പ് വ്യക്തമാക്കി. റഷ്യയുടെ നിരോധിത യുദ്ധോപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും യുദ്ധം മൂലം ഉക്രൈൻ ജനതക്ക് അവരുടെ രാജ്യത്തിനകത്തു പോലും സ്വതന്ത്രമായ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും നിർബന്ധിതമായ കുടിയൊഴിപ്പിക്കലിനെക്കുറിച്ചും അദ്ദേഹം അപലപിച്ചു. ഈ യുദ്ധത്തിൽ ‘റഷ്യൻ ലോകം’ എന്ന ആശയത്തിൽപെട്ട്, റഷ്യയിലെ ഓർത്തഡോക്സ് സഭ സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

യുദ്ധത്തിന്റെ അവസാനമുണ്ടായേക്കാവുന്ന സമാധാനപരമായ ജനജീവിതവും ഇന്നും തുറന്ന ഒരു ചോദ്യമായി അവശേഷിക്കുന്നുവെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാ മേലദ്ധ്യക്ഷൻ പറഞ്ഞു. നിലവിലെ യുദ്ധത്തെ സംബന്ധിച്ച സത്യങ്ങൾ പുറത്തുവരികയും നീതി നടപ്പിലാക്കപ്പെടുകയുംഹൃദയങ്ങളുടെ പരിവർത്തനമുണ്ടാവുകയും ചെയ്യുന്നതിലൂടെയേ ഉക്രൈനിൽ സമാധാനമുണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

റോമിലെ റോവെരെ കൊട്ടാരത്തിൽ ജറുസലേമിലെ തിരുക്കല്ലറയുടെ നാമത്തിലുള്ള പൊന്തിഫിക്കൽ സഖ്യത്തിന്റെ ആസ്ഥാനത്തു വച്ചായിരുന്നു പത്രസമ്മേളനം.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.