ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി

രാജ്യത്തുടനീളം ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നുവെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ആക്രമണങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമെതിരെ അടുത്ത മാസം വാദം കേൾക്കാമെന്നു സുപ്രീം കോടതി അറിയിച്ചു.

ക്രൈസ്തവ സമുദായത്തെ ലക്ഷ്യം വച്ചു നടത്തുന്ന ആക്രമണങ്ങൾ തടയാൻ കർശന നടപടി വേണമെന്നാണ് ഹർജ്ജിക്കാരുടെ ആവശ്യം. ബാംഗ്ലൂർ ആർച്ചുബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ ചേർന്നാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഓരോ മാസവും രാജ്യത്ത് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെ ശരാശരി 45 മുതൽ 50 വരെ അക്രമാസക്തമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് പറഞ്ഞു. ഈ വർഷം മെയ് മാസത്തിൽ തന്നെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെ 57 അക്രമങ്ങളും ആക്രമണങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹർജിയിൽ പറയുന്ന കാര്യങ്ങള്‍ നിർഭാഗ്യകരമാണെന്നും വിഷയം കോടതി തുറക്കുന്ന ദിവസം തന്നെ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് പറഞ്ഞു. ആൾക്കൂട്ട ആക്രമണം തടയാൻ സുപ്രീം കോതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവും തടയാൻ കഴിയും. ഇത്തരം ആക്രമണങ്ങൾ തടയാൻ ഓരോ ജില്ലയിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതാണ്. അത് നടപ്പാക്കാത്തതു മൂലം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതു കൊണ്ടാണ് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതെന്നും അഡ്വ. കോളിൻ ഗോൺസാൽവസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.