കുരിശ് ധരിച്ചതിന്റെ പേരിൽ അറസ്റ്റ്; ക്രിസ്തുവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വധശിക്ഷ: സന്യാസിനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കഴുത്തിൽ കുരിശ് ധരിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ക്രിസ്തുവിനെ ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കൊല ചെയ്യപ്പെടുകയും ചെയ്ത സന്യാസിനിയാണ് സി. അസെൻഷൻ ഡി സാൻ ജോസ്. രക്തസാക്ഷിത്വം വരിച്ച 76- കാരിയായ ഈ ഡൊമിനിക്കൻ സന്യാസിനി ജൂൺ 18- ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും. വിശ്വാസത്യാഗം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ഈ സന്യാസിനി കൊല്ലപ്പെടുന്നത്.

1937- ന്റെ തുടക്കത്തിലാണ് സ്പെയിനിലെ ഹ്യൂസ്‌കറിൽ മതപീഡനം വഷളായത്. ഫെബ്രുവരി 16- ന് കഴുത്തിൽ കുരിശ് ധരിച്ചതിന്റെ പേരിൽ സൈന്യം സി. അസെൻഷനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തടവറയിൽ വച്ച് ഈ സന്യാസിനിയോട് ദൈവത്തെ ദുഷിച്ചുപറയാൻ സൈനികർ ആവശ്യപ്പെട്ടു. എന്നാൽ സി. അസെൻഷൻ ഹ്രസ്വമായ പ്രാർത്ഥനകളാണ് അവർക്ക് മറുപടിയായി നൽകിയത്. ഇതിൽ കുപിതരായ സൈനികർ സിസ്റ്ററിനെ അകാരണമായി ഉപദ്രവിച്ചു. 1937 ഫെബ്രുവരി 17- ന് രാവിലെ അവർ സിസ്റ്ററിനെ മറ്റ് തടവുകാർക്കൊപ്പം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മറ്റ് തടവുകാരെ ഓരോരുത്തരെയായി വെടി വച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ സിസ്റ്ററിന്റെ സഹോദരന്റെ മകനുമുണ്ടായിരുന്നു. എന്നാൽ, അപ്പോൾ അവർ സിസ്റ്ററിനെ വധിച്ചില്ല.

സൈനികർ വീണ്ടും, സി. അസെൻഷനോട് ദൈവദൂഷണം പറയാൻ നിർബന്ധിച്ചു. സിസ്റ്റർ അത് നിരസിച്ചതിനെ തുടർന്ന് സിസ്റ്ററിന്റെ തല ഒരു കല്ലിൽ വയ്ക്കുകയും മറ്റൊരു കല്ല് കൊണ്ട് തലയിൽ ശക്തമായി അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. “എന്റെ രാജാവായ ക്രിസ്തു നീണാൾ വാഴട്ടെ” എന്നായിരുന്നു സി. അസെൻഷൻ അവസാനമായി പറഞ്ഞ വാക്കുകൾ. സിസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് സ്പെയിനിലെ ഗ്വാഡിക്സ് രൂപതയിലെ ബസാ ആശ്രമത്തിലാണ്.

ജൂൺ 18- ന് രാവിലെ 11 മണിക്ക് സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ വച്ചാണ് നാമകരണ നടപടികൾ നടക്കുന്നത്. കർദ്ദിനാൾ മാർസെല്ലോ സെമെരാരോയാണ് തിരുക്കർമ്മങ്ങളുടെ മുഖ്യകാർമ്മികൻ. സി. അസെൻഷൻ ഡി സാൻ ജോസിനൊപ്പം 26 പേരെയാണ് അന്നേ ദിവസം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. അൽമാഗ്രോയിൽ നിന്നുള്ള 20 സന്യാസിമാരും അൽമേരിയയിൽ നിന്നുള്ള അഞ്ച് സന്യാസിമാരും ഒരു അത്മായനും ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്തെ രക്തസാക്ഷികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.