ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ആറ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

പിറന്നാൾ ആഘോഷത്തിനിടെ മതപരിവർത്തനത്തിന് ശ്രമിച്ചു എന്ന് ആരോപിച്ച് ഉത്തർപ്രദേശ് പോലീസ് ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. അസംഗഢ് ജില്ലയിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ജൂലൈ 31-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കപ്തംഗഞ്ചിലെ പിപ്രി ഗ്രാമത്തിൽ നിന്നുള്ള സ്ത്രീകളിലൊരാളായ ഇന്ദ്രകല, തന്റെ മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി അയൽക്കാരെ ക്ഷണിച്ചിരുന്നു. എന്നാൽ ഇത് മതപരമായ പരിപാടിയാണെന്ന് അയൽവാസികളിൽ ചിലർ പോലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

പരാതിയുടെ ഫലമായി പോലീസ് നടത്തിയ റെയ്‌ഡിൽ ഇന്ദ്രകല തന്റെ വീട്ടിൽ പ്രാർത്ഥിക്കുന്നതിനായി ഉപയോഗിച്ചിരുന്ന പ്രാർത്ഥനാപുസ്തകങ്ങളും പോലീസ് എടുത്തുകൊണ്ടു പോയി. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ വൈകല്യം ബാധിച്ച ഒരു സ്ത്രീയും വിധവയും മൂന്നു കുട്ടികളുടെ അമ്മയായ സ്ത്രീയും ഒരു യുവതിയും ഉൾപ്പെടുന്നു. ഇവരുടെ ആദ്യ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടാമത്തേത് ആഗസ്റ്റ് 16-ന് അവതരിപ്പിക്കും. ആറ് സ്ത്രീകളും തങ്ങളുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ദിനങ്ങൾ തള്ളിനീക്കുന്നത്.

“ഇതെല്ലാം വോട്ടിംഗ് നയങ്ങളുടെ പ്രശ്നമാണ്. ഇന്ത്യ സ്വതന്ത്രമാണെന്നു പറയുമ്പോഴും ക്രൈസ്തവർക്ക് അവരുടെ വീട്ടിൽ സ്വസ്ഥമായിരുന്ന് പ്രാർത്ഥിക്കാൻ കഴിയാത്ത അവസ്ഥ യാണ്. യേശുവിനെ ആരാധിക്കാൻ നമുക്ക് സ്വാതന്ത്ര്യമില്ലെന്നു മാത്രമല്ല, ജന്മദിനം പോലുള്ള പരിപാടികൾ ആഘോഷിക്കുന്നതു പോലും പ്രശ്നമായി മാറുന്നു” – വാരാണസി രൂപതയിലെ വൈദികനായ ഫാ. വിനീത് പെരേര വെളിപ്പെടുത്തി.

“ഉത്തർപ്രദേശിലെ സാമുദായിക ധ്രുവീകരണത്തിന്റെ ഫലമാണ് ഇത്. ജനങ്ങളുടെ മനസിൽ സംശയത്തിന്റെ വിത്തുകൾ പാകിയതാണ്. മുമ്പ് എല്ലാവരും സമാധാനത്തിലും ഐക്യത്തിലും ജീവിച്ചിരുന്നു. വീട്ടിൽ മതപരമായ വസ്തുക്കൾ ഉണ്ടായിരിക്കുന്നത് കുറ്റകരമോ, നിയമവിരുദ്ധമോ ആയ പ്രവൃത്തിയല്ല. പിന്നെ അത് എങ്ങനെ മതപരിവർത്തന ആരോപണങ്ങൾക്കു കാരണമാകും?”- വൈദികൻ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.