ദേവസഹായം പിള്ള ഇനി വിശുദ്ധൻ

ദേവസഹായം പിള്ള ഇനി ഭാരതത്തിലെ ആദ്യത്തെ അത്മായ വിശുദ്ധൻ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് ഒൻപത് പേരെക്കൂടി വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ആഹ്ളാദ സൂചകമായി കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന് 2.30 നു മണി മുഴങ്ങും. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന് ദേശീയ തല ആഘോഷം അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്ത നഗരകോവിൽ കോട്ടാർ സൈന്റ്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിൽ ജൂൺ അഞ്ചിന് നടക്കും.

യഹൂദരെ സഹായിച്ചതിന് നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട പുരോഹിതൻ ടൈറ്റസ് ബ്രാൻഡ്സ്മ, സിസ്റ്റേഴ്സ് ഓഫ് ദ് പ്രസന്റേഷൻ ഓഫ് മേരി സന്യാസിനി സഭയ്ക്കു രൂപം നൽകിയ ഫ്രഞ്ച് കന്യാസ്ത്രീ മേരി റിവിയർ, കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമാക്കുലേറ്റ് ഓഫ് ലൂർദ്സ് എന്ന സന്യാസിനി സഭയ്ക്കു തുടക്കം കുറിച്ച ഇറ്റാലിയൻ സന്യാസിനി കരോലിന സാന്റോകനാലെ, ട്രാപിസ്റ്റ് സഭയിൽ ഫ്രാൻസിലും സിറിയയിലുമായി ആശ്രമജീവിതം നയിച്ച ചാൾസ് ഡെ ഫുക്കോൾഡ്, ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യൻ ഡോക്ടറിൻ സഭയുടെ സ്ഥാപകനും ഫ്രഞ്ചുകാരനുമായ സെസാർ ഡെ ബൂസ്, ഇറ്റാലിയൻ പുരോഹിതനും സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനി സഭയുടെ സ്ഥാപകനുമായ ലൂയിജി മരിയ പാലാസോളോ, സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷന്റെയും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റെയും സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, ഇറ്റാലിയൻ കന്യാസ്ത്രീയും കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് മദർ റുബാറ്റോ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ അന്നാ മരിയ റുബാറ്റോ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ് ഹോളി ഫാമിലി സഭയുടെ സഹസ്ഥാപകയും ഇറ്റാലിയൻ സന്യാസിനിയുമായ മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മറ്റ് ഒൻപത് പേർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.