യുദ്ധത്തെ വിമർശിച്ച വൈദികന് പിഴ ചുമത്തി റഷ്യൻ കോടതി

ഉക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ വിമർശിച്ച ഓർത്തഡോക്സ് സന്യാസിയായ വൈദികന് പിഴ ചുമത്തി റഷ്യൻ കോടതി. യുദ്ധത്തെ മതപരമായ അടിസ്ഥാനത്തിൽ എതിർത്തതിന് ക്രിമിനൽ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഫാ. നികന്ദർ പിഞ്ചുക്. ഉക്രൈനിലെ വ്‌ളാഡിമിർ പുടിന്റെ പ്രത്യേക സൈനിക ഓപ്പറേഷനെ ഓൺലൈനിൽ വിമർശിച്ചതിനാണ് റഷ്യയിലെ കോടതി പിഴ ഈടാക്കിയത്. ഓസ്‌ലോ ആസ്ഥാനമായുള്ള മതസ്വാതന്ത്ര്യ സംഘടനയായ ഫോറം 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഞാൻ ഒരു വൈദികനാണ്, ആരൊക്കെ ഉൾപ്പെട്ടാലും രാഷ്ട്രീയസാഹചര്യം പരിഗണിക്കാതെ തിന്മയെ അപലപിക്കാനുള്ള അവകാശമുണ്ട്” – ഫാ. പിഞ്ചുക് വെളിപ്പെടുത്തുന്നു. 2007-ൽ ROCOR-ന്റെ മറ്റ് ഭാഗങ്ങളുമായി മോസ്കോ പാത്രിയാർക്കേറ്റിൽ ചേരാത്ത റഷ്യൻ ഓർത്തഡോക്സ് ചർച്ചിന്റെ (ROCOR) ഒരു ശാഖയിൽ ഉൾപ്പെട്ട സന്യാസിയാണ് ഫാ. നികന്ദർ പിഞ്ചുക്.

മതപരമായ അടിസ്ഥാനത്തിൽ ഉക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ എതിർത്തതിന് ക്രിമിനൽ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയായി 50-കാരനായ ഫാ. പിഞ്ചുക് മാറി. അദ്ദേഹം താമസിക്കുന്ന യുറൽ പർവ്വതനിരകളിലെ ഒരു കോടതിയിൽ വച്ചാണ്, റഷ്യൻ സായുധസേനയെ ആവർത്തിച്ച് അപമാനിച്ചതിന്
അദ്ദേഹത്തെ ശിക്ഷിച്ചത്. 1,00,000 റൂബിൾ ($1,629) പിഴയാണ് കോടതി വിധിച്ചത്.

താൻ കുറ്റം സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ നൽകണോ, വേണ്ടയോ എന്ന കാര്യവും പരിഗണനയിലുണ്ട്. ‘റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തുന്നത്’ എന്ന് അവർ തരംതിരിക്കുന്ന ‘പ്രത്യേക ഓപ്പറേഷൻ’ നിരസിച്ചതിനാലാണ് എന്നെ അടിച്ചമർത്താൻ അവർ ശ്രമിക്കുന്നതെന്ന് ഫാ. പിഞ്ചുക്ക് വെളിപ്പെടുത്തി.

ഫാ. ഇയോൻ കുർമോയറോവ് എന്ന വൈദികനും നവംബർ 14-ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ വിചാരണ നേരിടുകയാണ്. മോസ്‌കോ പാത്രിയാർക്കേറ്റിന്റെ യുദ്ധത്തെ പിന്തുണക്കുന്നതിനെ വിമർശിക്കുന്ന വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഉക്രൈനെതിരായ ഈ യുദ്ധത്തെ അപലപിക്കുന്നത് ആത്മീയകാര്യമാണ്. എല്ലാ ക്രിസ്ത്യാനികളും അത് ചെയ്യണം – ഈ വൈദികൻ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.