ഉക്രൈനിലെ യുദ്ധത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയോട് സംസാരിക്കാൻ തയ്യാറായി റഷ്യ

ഉക്രൈനിലെ യുദ്ധത്തിന് പരിഹാരം കാണാൻ ഫ്രാൻസിസ് മാർപാപ്പായുമായും അമേരിക്കയുമായും ഫ്രാൻസുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്‌കോവ്. ടെലിഫോൺ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിർദ്ദേശത്തെ റഷ്യൻ ഉദ്യോഗസ്ഥൻ പരാമർശിച്ചു. ഒക്ടോബർ 24-ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് ​​കിറിൽ എന്നിവരെ ഉക്രൈനിലെ സമാധാന പ്രക്രിയയെ അനുകൂലിക്കാൻ വിളിക്കാൻ മാർപാപ്പായോട് ആവശ്യപ്പെട്ടിരുന്നു.

‘ലെ പോയിൻ’ മാസികയോട് സംസാരിക്കവേ, ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു: “ഫ്രാൻസിസ് മാർപാപ്പ വ്‌ളാഡിമിർ പുടിനെയും പാത്രിയാർക്കീസ് ​​കിറിലിനെയും മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും വിളിക്കാൻ പ്രോത്സാഹിപ്പിച്ചു. ഉക്രൈനിലെ സമാധാനപ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കയും പങ്കാളിയാകേണ്ടതുണ്ട്.”

പ്രശ്നപരിഹാരങ്ങൾക്കായുള്ള ശ്രമങ്ങൾക്ക് അനുകൂലമായ ദിശയിലേക്കാണ് പോകുന്നതെങ്കിൽ, ഈ ചർച്ചകളെ പോസിറ്റീവായി വിലയിരുത്താൻ കഴിയുമെന്ന് പെസ്‌കോവ് വെളിപ്പെടുത്തി. ഒക്ടോബർ 24-ന് റഷ്യ, ഉക്രൈനിലെ അധിനിവേശം ആരംഭിച്ച് എട്ട് മാസം പിന്നിട്ടു. ഈ യുദ്ധം, ഏകദേശം 400 കുട്ടികൾ ഉൾപ്പെടെ 6,000-ത്തിലധികം സാധാരണക്കാരുടെ ജീവനാണ് അപഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.