മോസ്കോയിൽ സേവനമനുഷ്ഠിക്കുന്ന മിഷനറി വൈദികനെ പുറത്താക്കി റഷ്യ

മോസ്‌കോയിൽ സേവനമനുഷ്ഠിക്കുന്ന മെക്‌സിക്കൻ വംശജനായ റോമൻ കത്തോലിക്കാ വൈദികനെ പുറത്താക്കി റഷ്യ. ഉക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള പരാമർശമാണ് ഈ നടപടിക്കു പിന്നിലെന്ന് സൂചനയുണ്ട്. ഫാ. ഫെർണാണ്ടോ വെറ എന്ന ഈ വൈദികൻ കഴിഞ്ഞ ഏഴു വർഷമായി റഷ്യയിൽ സേവനമനുഷ്ഠിച്ചു വരികയാണ്.

മോസ്കോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ വികാരി ജനറൽ കിറിൽ ഗോർബുനോവ് ആണ് ഏപ്രിൽ 21 -ന് ഒരു പ്രസ്താവനയിലൂടെ അദ്ദേഹത്തെ റഷ്യയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചത്. “ഈ വർഷം മാർച്ച് 28 -ന്, റഷ്യൻ ഫെഡറേഷന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന ഡയറക്ടറേറ്റ്, മെക്സിക്കൻ പൗരനായ ഫാ. ഫെർണാണ്ടോ വെറയ്ക്ക് റഷ്യൻ ഫെഡറേഷനിലെ താമസാനുമതി റദ്ദാക്കിയതായി രേഖാമൂലമുള്ള അറിയിപ്പ് നൽകി. അതുമായി ബന്ധപ്പെട്ട് 15 ദിവസത്തിനുള്ളിൽ റഷ്യ വിടാൻ അദ്ദേഹം ബാധ്യസ്ഥനാണ്. അത്തരമൊരു തീരുമാനത്തിനുള്ള പ്രത്യേക കാരണങ്ങൾ കത്തിൽ ഇല്ല” – പ്രസ്താവനയിൽ പറയുന്നു.

“അതിരൂപത അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു. മോസ്കോയിലെ വിശുദ്ധ അപ്പോസ്തലന്മാരായ പീറ്ററിന്റെയും പോൾസിന്റെയും ഇടവകയുടെ റെക്ടർ ഫാ. ഫെർണാണ്ടോ നമ്മുടെ രാജ്യം വിടാൻ നിർബന്ധിതനായി. ഈ തീരുമാനത്തിന് അപ്പീൽ നൽകാമെന്നും റഷ്യൻ ഫെഡറേഷനിലേക്കുള്ള വീണ്ടും പ്രവേശനം ഒഴിവാക്കുന്നില്ലെന്നും കത്തിൽ പറയുന്നതിനാൽ, ഈ സാഹചര്യം സുരക്ഷിതമായി പരിഹരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫെർണാണ്ടോയ്ക്ക് തന്റെ ശുശ്രൂഷ തുടരാൻ കഴിയും” – അതിരൂപത പ്രതീക്ഷിക്കുന്നു.

ഉക്രൈനിലെ യുദ്ധത്തെക്കുറിച്ച് അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. ഇതാണ് വൈദികനെ പുറത്താക്കാൻ കാരണമെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. മെക്‌സിക്കോയിലെ മോണ്ടെറി സ്വദേശിയായ ഫാ. വെറ പൗരോഹിത്യപഠനത്തിനു മുമ്പ് എഞ്ചിനീയറായിരുന്നു. വൈദികനായ ശേഷം മെക്സിക്കോ സിറ്റിയിലും ഗ്വാഡലജാരയിലും പുരോഹിതനായി സേവനമനുഷ്ഠിച്ചു. പിന്നീടാണ് ആർച്ചുബിഷപ്പിന്റെ അഭ്യർത്ഥനയെ തുടർന്ന് റഷ്യയിലേക്ക് മിഷനറിയായി കടന്നുവന്നത്.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് 15,000 പേരെ റഷ്യയിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.