അമേരിക്കക്കും ലോകരാജ്യങ്ങൾക്കും വേണ്ടി വാഷിംഗ്ടണിൽ ഇന്ന് ജപമാല റാലി നടക്കും

അമേരിക്കക്കും ലോകരാജ്യങ്ങൾക്കും വേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്താൻ ഇന്ന് വാഷിംഗ്ടണിൽ ജപമാല റാലി നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തോലിക്ക വിശ്വാസികൾ ഒരുമിച്ചുകൂടുന്ന ‘റോസറി കോസ്റ്റ് ടു കോസ്റ്റി’ന്റെ ഭാഗമായിട്ടാണ് വാഷിംഗ്ടണിലും വിശ്വാസികൾ ജപമാല പ്രാർത്ഥനക്കായി ഒരുമിച്ചുകൂടുന്നത്.

ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഫാത്തിമയിലും, ലൂർദ്ദിലും പരിശുദ്ധ കന്യകാമറിയം പറഞ്ഞിരുന്നുവെന്നും സാത്താന്റെ ലോകത്തിലെ പ്രവർത്തികൾക്കെതിരെയുള്ള ആയുധമാണ് ജപമാലയെന്നും കാപ്പിറ്റോളിൽ സ്ഥിതിചെയ്യുന്ന ഹോളി കംഫർട്ട് ആൻഡ് സെന്റ് സിപ്രിയാൻ ദേവാലയത്തിന്റെ ചുമതലയുള്ള മോൺ. ചാൾസ് പോപ്പ് വ്യക്തമാക്കി. 2020ലെ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ ജപമാലയെ ‘തെരഞ്ഞെടുത്ത ആയുധം’ എന്ന് വിശേഷിപ്പിച്ച സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ വർക്കേഴ്സ് ഓഫ് ദ സേക്രട്ട് ഹാർട്ട് കോൺഗ്രിഗ്രേഷൻ അംഗം സിസ്റ്റർ ഡയ്ഡ്രെ ബർണിയും സന്ദേശം നൽകി സംസാരിക്കും.

54 ദിവസം നീണ്ടുനിന്ന നൊവേന പ്രാർത്ഥനക്കു ശേഷമാണ് നാളെ ഒക്ടോബർ ഒൻപതാം തീയതി ജപമാല റാലി സംഘടിപ്പിക്കപ്പെടുന്നത്. മിലിറ്ററി അതിരൂപതയുടെ മെത്രാൻ ജോസഫ് കോഫി, പ്രോലൈഫ് പ്രവർത്തകനായ ഫാ. സ്റ്റീഫൻ ഇംബരാറ്റോ തുടങ്ങിയ പ്രമുഖരും ജപമാല റാലിയെ സംബോധന ചെയ്ത് സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.