റോഡ് സുരക്ഷാനിയമങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം: ഫ്രാൻസിസ് പാപ്പ

റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്ന ഇറ്റലിയിലെ മോട്ടോർ സൈക്ലിംഗ് ഫെഡറേഷനിലെ അംഗങ്ങളുമായി നവംബർ 25 ന് വത്തിക്കാനിൽവച്ച് കൂടിക്കാഴ്ച്ച നടത്തി ഫ്രാൻസിസ് പാപ്പ. പാപ്പ നൽകിയ ഹ്രസ്വസന്ദേശത്തിൽ, ഫെഡറേഷൻ അംഗങ്ങൾ സമൂഹത്തിനു നൽകുന്ന സുരക്ഷയുടെ ആഹ്വാനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

കായികയിനം എന്ന നിലയിൽ ദേശീയമായി മാറ്റുരയ്ക്കുന്നതിനും അന്താരാഷ്ട്രവേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും ഫെഡറേഷൻ അംഗങ്ങൾ വഹിക്കുന്ന ചുമതലകൾ എടുത്തുപറഞ്ഞ പാപ്പ, ഈ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിൽ സ്വയാവബോധം വളർത്തുന്നതിനുള്ള കടമകളും അടിവരയിട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്ക്കരണം അഭിനന്ദനാർഹമാണെന്നും പാപ്പ പറഞ്ഞു. മോട്ടോർ സൈക്കിൾ വീരന്മാരോടുള്ള ആരാധന പുലർത്തുന്ന ചെറുപ്പക്കാർ, എന്നാൽ അപകടങ്ങളെക്കുറിച്ചു ബോധ്യമില്ലാതെ പെരുമാറുന്നതു മനസ്സിലാക്കാൻ ഫെഡറേഷൻ അംഗങ്ങൾക്ക് കൂടുതൽ അവസരമുണ്ടെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

സുരക്ഷാനിയമങ്ങൾ പാലിക്കുന്നതിലുള്ള അലംഭാവം അപകടങ്ങൾ കൂട്ടുന്നുവെന്നും ഇത് വാഹനത്തിലുള്ള എല്ലാവർക്കും ജീവഹാനി വരുത്തുന്നുവെന്നും പാപ്പ പറഞ്ഞു. അതുകൊണ്ട് റോഡ് സുരക്ഷാനിയമങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്നും പാപ്പ കൂട്ടിച്ചേർത്തു. അവസാനം, നർമരസത്തോടെ, തന്റെ മോട്ടോർ സൈക്കിൾ പ്രായം ചെന്നതിനാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ തനിക്കുവേണ്ടി പ്രാർഥിക്കണമെന്നും പാപ്പ പറഞ്ഞു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.