വസ്ത്രധാരണ മൗലികവാദവും സന്യാസവസ്ത്രവും

ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്‌കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതിവരാന്തകളിലും വരെ, ഇന്ന് ചൂടേറിയ ഒരു ചർച്ചാവിഷയമാണ് ഹിജാബ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലോളം സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഹിജാബ് സംബന്ധിച്ച പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലെയും വിഷയങ്ങൾ പഠിച്ചപ്പോൾ, കൃത്രിമമായും കരുതിക്കൂട്ടിയും സൃഷ്ടിക്കപ്പെട്ട വിവാദങ്ങളാണെന്നാണ് മനസിലാക്കാനായത്. ഇറാൻ പോലുള്ള മുസ്ളീം രാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ സമരവുമായി യുവതികൾ നിരത്തിലിറങ്ങുന്ന അതേ കാലത്ത് അത്തരമൊരു വേഷവിധാനം പുതുതായി അടിച്ചേൽപിക്കാനും അത് പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഏതൊക്കെയോ കോണിൽ നടക്കുന്നുണ്ടെന്ന് വ്യക്തം.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി എവിടെയും ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാണ് മുസ്ളീം വിദ്യാർത്ഥിനികൾ കർണ്ണാടക ഹൈക്കോടതിക്കു മുന്നിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഹിജാബ് മതത്തിന്റെയോ, വിശ്വാസത്തിന്റെയോ ഭാഗമല്ല. മറിച്ച് ഒരു കാലഘട്ടത്തിലെ സംസ്കാരത്തിന്റെ മാത്രം ഭാഗമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ആ ആവശ്യം തള്ളുകയാണുണ്ടായത്. ഇതേ കേസിന്റെ തുടർച്ചയായ വാദങ്ങൾ സുപ്രീം കോടതിയിൽ പുരോഗമിക്കുമ്പോൾ സമാന്തരമായ വിവാദങ്ങൾ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പുകയുന്നുണ്ട്. അനാവശ്യമായി സൃഷ്ടിക്കപ്പെടുന്നതും സ്ഥാപിത താല്പര്യങ്ങളോടു കൂടിയതുമായ വിവാദങ്ങളാണ് അവയിൽ പലതും. കഴിഞ്ഞ ദിവസം മുൻമന്ത്രി കെ.ടി. ജലീൽ നടത്തിയ പരാമർശമാണ് ഒരു ഉദാഹരണം.

നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകനും, തീവ്ര ഇസ്ലാമിക വാദിയും, ഗുരുതരമായ ആരോപണങ്ങൾ പലപ്പോഴായി ചുമത്തപ്പെട്ടിട്ടുള്ള കളങ്കിതനായ രാഷ്ട്രീയപ്രവർത്തകനുമായ ജലീൽ, തന്റെ ക്രൈസ്തവ വിരോധം തരം കിട്ടുമ്പോഴെല്ലാം വെളിപ്പെടുത്താറുള്ളതാണ്. ഹിജാബും മറ്റ് മതവസ്ത്രങ്ങളും ധരിക്കാനുള്ള മുസ്ളീം സ്ത്രീകളുടെ ‘അവകാശം’ നിഷേധിക്കപ്പെടുന്നതിനെയും എന്നാൽ, ‘മതവസ്ത്രം’ ധരിച്ച ക്രൈസ്തവ സന്യാസിനിമാർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിനെയുമാണ് ജലീൽ അസഹിഷ്ണുതയോടെ തന്റെ എഫ്ബി പോസ്റ്റിൽ അവതരിപ്പിച്ചത്. സമാനമായ ആശയാവതരണങ്ങൾ മുമ്പും ജലീൽ നടത്തിയിട്ടുണ്ട്.

വെറും വസ്ത്രധാരണമല്ല വിഷയം

ഇസ്ലാമിക രാജ്യങ്ങളിലെ സാഹചര്യങ്ങൾ ആമുഖമായി ചിന്തിക്കേണ്ടതുണ്ട്. സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, ലിബിയ, സിറിയ, യെമൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ സ്ത്രീകൾക്ക് ബുർഖ പോലുള്ള ഇസ്ലാമിക വേഷവിധാനങ്ങൾ നിർബന്ധിതമായിരിക്കുന്നതോടൊപ്പം മറ്റ് മതവിഭാഗങ്ങളിൽപെട്ടവരും അതേ വേഷങ്ങൾ ധരിക്കണമെന്നും നിഷ്കർഷിക്കുന്നു. അത്തരം രാജ്യങ്ങളിൽ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വസ്ത്രധാരണം സംബന്ധിച്ച മതനിയമ ലംഘനങ്ങൾ. ഇറാനിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കു പിന്നിൽ മതമൗലികവാദ സംബന്ധമായ അതിക്രമങ്ങളും അടിച്ചമർത്തലുകളുമാണുള്ളത്. വസ്ത്രധാരണ സംബന്ധമായി മുസ്ളീം ഭരണകൂടങ്ങൾ പുലർത്തിവരുന്ന കാർക്കശ്യവും പ്രാകൃതനിയമങ്ങളുടെ അടിച്ചേൽപ്പിക്കലുകളും ആ സമൂഹത്തിൽ തന്നെ എത്രമാത്രം എതിർപ്പുകൾക്ക് കാരണമാകുന്നുണ്ട് എന്നുള്ളതിന് വലിയ തെളിവാണ് ഇറാനിലെ സംഭവവികാസങ്ങൾ. എന്നാൽ, ഇത്തരമൊരു സമരത്തെ അടിച്ചമർത്താനും തമസ്കരിക്കാനും മുസ്ളീം ഭരണകൂടങ്ങളും തീവ്ര ഇസ്ലാമിക സംഘടനകളും അനുകൂലികളും കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഹിജാബ്, ബുർഖ, നിഖാബ് തുടങ്ങിയ ഇസ്ലാമിക വേഷവിധാനങ്ങൾ എന്തുകൊണ്ട് പൊതുസമൂഹത്തിന് അനഭിമതമാകുന്നു എന്ന ചോദ്യം ആഴമുള്ളതാണ്. നിഖാബ്, ബുർഖ തുടങ്ങിയ, മുഖം ഉൾപ്പെടെ മറയ്ക്കുന്ന വേഷവിധാനങ്ങൾ ധരിക്കുന്നവർക്ക് പിഴശിക്ഷ ഈടാക്കാൻ സ്വിറ്റ്‌സർലൻഡ് സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിട്ടുള്ളത്. നിരവധി ലോകരാജ്യങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിക ഭീകരവാദം എന്ന ഭീഷണി തന്നെയാണ് ഇത്തരം നിബന്ധനകൾ പുതുതായി നിലവിൽ വരാനുള്ള ഒരു കാരണം. പ്രാചീനമായ ഇസ്ലാമിക വസ്ത്രധാരണ ശൈലികൾ പലയിടങ്ങളിലും പുതുമയാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത. സമീപകാലങ്ങളിൽ വരെ നിർബ്ബന്ധിതമായിരുന്നില്ലാത്ത ഈ വസ്ത്രധാരണ രീതി ഇപ്പോൾ വ്യാപകമാകുന്നതിന്റെ പിന്നിലെ നിഗൂഢ താൽപര്യങ്ങൾ അനേകർക്ക് ചിന്താവിഷയമാണ്. ഇസ്ലാമിക സമൂഹത്തിൽ അപകടകരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രചിന്താഗതിക്കാരുടെ സ്വാധീനമാണ് ഇപ്പോഴുള്ള മാറ്റങ്ങൾക്ക് പിന്നിലെന്ന് മിക്കവരും കരുതുന്നു.

പതിമൂന്നു നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന സംസ്കാരത്തിന്റെ ഭാഗമാണ് ഈ വേഷവിധാനം എന്നാണ് കർണ്ണാടക ഹൈക്കോടതി നിരീക്ഷിച്ചത്. ഈ പരിഷ്കൃത സമൂഹത്തിൽ അത്തരം നിർബ്ബന്ധബുദ്ധികളും പുതുമകളും അപ്രസക്തമാണ് എന്ന് 2022 മാർച്ച് 15-ലെ വിധിപ്രസ്താവത്തിലൂടെ കോടതി അഭിപ്രായപ്പെട്ടു. ഏതാനും വർഷങ്ങൾക്കു മുമ്പു വരെ നിർബന്ധിതമല്ലാതിരുന്ന ഒന്ന്, പെട്ടെന്നൊരു ദിവസം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി മാറുന്നതെങ്ങനെ എന്ന ചിന്തയാണ് കോടതിക്കും പൊതുസമൂഹത്തിനും ഉണ്ടായത്. മാത്രവുമല്ല, യൂണിഫോം കോഡിന്റെ നിർണ്ണയം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധികാരത്തിൽപെട്ടതായിരിക്കെ, പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തി അനിശ്ചിതാവസ്ഥ സൃഷ്ടിച്ച് സ്ഥാപനങ്ങളെയും സർക്കാർ സംവിധാനങ്ങളെയും സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങൾ വ്യാപകമായി നടന്നതും അനേകരിൽ സംശയമുളവാക്കി. തങ്ങൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ പൂർണ്ണസ്വാതന്ത്ര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരിക്കെ, മറ്റു സ്ഥാപനങ്ങൾ പ്രത്യേകമായി തിരഞ്ഞെടുക്കുന്നതും അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതും പലരെയും ഇത്തരം നീക്കങ്ങൾ സംശയദൃഷ്ടിയോടെ വീക്ഷിക്കാനിടയാക്കി.

മതമൗലികവാദത്തിന്റെ അനുബന്ധ ആശയങ്ങൾ നിയമസാധുതയോടെ സമൂഹത്തിൽ ഉറപ്പിക്കാനുള്ള ശ്രമങ്ങളായി ഈ നിയമയുദ്ധങ്ങളെയും അനുബന്ധ നീക്കങ്ങളെയും കാണുന്നവരുണ്ട്. വസ്ത്രധാരണം മതവിശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലാത്തതും, ബഹുഭൂരിപക്ഷത്തിനും സമീപകാലം വരെയും നിർബന്ധിതമായിരുന്നതല്ലാത്തതുമായ പശ്ചാത്തലത്തിൽ ഇപ്പോൾ കാണുന്ന വിവാദങ്ങൾക്കു പിന്നിൽ മറ്റെന്തോ ലക്ഷ്യങ്ങളുണ്ട് എന്ന് കരുതുന്നതിൽ തെറ്റില്ല. തങ്ങളുടെ ആശയങ്ങൾ, അവ എന്തുതന്നെ ആയാലും സമൂഹത്തിൽ സ്വീകാര്യത ലഭിച്ചിരിക്കണമെന്ന തീവ്ര ഇസ്ലാമികവാദികളുടെ നിർബ്ബന്ധബുദ്ധിയും ഇത്തരം നീക്കങ്ങൾക്കു പിന്നിൽ കാണാം. ബുർഖയും, ഹിജാബും പോലുള്ള വേഷങ്ങളെ സന്യാസവസ്ത്രവുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കാനും സന്യാസജീവിതം നയിക്കുന്നവരെ അനാവശ്യമായി ചോദ്യം ചെയ്യാനുമുള്ള ശ്രമങ്ങളെയും നിഷ്കളങ്കമായി കാണാൻ കഴിയില്ല.

എന്താണ് സന്യാസവസ്ത്രം

ഇസ്ലാമിക വസ്ത്രധാരണത്തെയും സന്യാസവേഷത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള ജലീലിനെപ്പോലുള്ളവരുടെ വാദഗതികൾ ബാലിശമാണ്. സന്യാസത്തെ സാമാന്യവൽക്കരിക്കുകയും വിലകുറച്ച് കാണിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായേ അതിനെ കാണാനാവൂ. സ്വാർത്ഥ താൽപര്യങ്ങൾ വെടിഞ്ഞുള്ള ദൈവോന്മുഖമായ ജീവിതമാണ് സന്യാസം. എല്ലാ കാലത്തും എല്ലാ ദേശത്തും സാമാന്യജനതയുടെ ജീവിതരീതികളിൽ നിന്നും, ഭൗതികലോകത്തിന്റെ താല്പര്യങ്ങളിലും നിന്നകന്ന് സഹജീവികൾക്കു വേണ്ടി ജീവിക്കുകയും ആത്മീയമായി ചിന്തിക്കുകയും പ്രാർത്ഥനാജീവിതം നയിക്കുകയും ചെയ്യുന്ന അനേകരുണ്ടായിരുന്നു. ആ ജീവിതശൈലിക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രൈസ്തവ സന്യാസത്തിനും മുമ്പുള്ള സന്യാസ ജീവിതചര്യകളുണ്ട്. ഹൈന്ദവ സന്യാസവും, ബുദ്ധ സന്യാസവും തുടങ്ങി സന്യാസത്തിന് വിവിധ രൂപങ്ങളുമുണ്ട്. അത്തരത്തിൽ വിവാഹ ജീവിതവും, കുടുംബജീവിതവും ഉപേക്ഷിച്ച് ചുറ്റുമുളവർക്കു വേണ്ടി ജീവിക്കാൻ തീരുമാനിച്ച് വീടു വിട്ടിറങ്ങുന്നവരാണ് കത്തോലിക്കാ സന്യാസിനിമാർ. നൂറ്റാണ്ടുകൾക്കു മുമ്പ് സ്ഥാപിതമായ സന്യാസിനീ സമൂഹങ്ങൾ മുതൽ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സ്ഥാപിക്കപ്പെട്ട സമൂഹങ്ങൾ വരെ ഇന്ന് കേരളത്തിലുണ്ട്. നാല്പത്തിനായിരത്തിൽപരം കത്തോലിക്കാ സ്ത്രീകൾ കേരളത്തിൽ സന്യസജീവിതം തെരഞ്ഞെടുത്തവരായി ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവർ തെരഞ്ഞെടുത്ത സന്യാസജീവിതത്തിന്റെ ഭാഗമായ പരസ്നേഹ പ്രവൃത്തികൾ ഈ ലോകത്തെ വലിയ അളവിൽ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. അത്രമാത്രം ഈ ലോകം വിലമതിക്കുന്ന ഒന്നാണ് കത്തോലിക്കാ സന്യാസം.

വിവിധ സാമൂഹിക സേവന, ആതുരശുശ്രൂഷാ മേഖലകളിൽ സജീവമായിരിക്കുന്നവരാണ് സന്യസ്തരിൽ ഏറിയ പങ്കും. നൂറ്റാണ്ടുകൾക്കു മുമ്പു മുതൽ പരമ്പരാഗതമായി പിന്തുടർന്നു വന്നിട്ടുള്ള രീതികൾപ്രകാരം, ഈ ലോകജീവിതത്തോടുള്ള വിരക്തിയും, പരസ്നേഹ കാംക്ഷയുമാണ് അവരുടെ സവിശേഷമായതും ലളിതവുമായ വസ്ത്രധാരണം അർത്ഥമാക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആ രീതി അനുസരിച്ച് അതു മാത്രമാണ് സന്യാസിനിമാർ ഓരോരുത്തരും മരണം വരെ ധരിക്കുന്ന വസ്ത്രം. വിവിധ സേവനമേഖലകൾ തെരഞ്ഞെടുത്ത് അതിനാവശ്യമായ വിദ്യാഭ്യാസം നേടുന്ന യുവസന്യാസിനിമാർ വിവിധ കലാലയങ്ങളിൽ വിദ്യാർത്ഥിനികളാകാറുണ്ട്. കുറഞ്ഞത് പത്തൊൻപത് വയസിനു ശേഷം മാത്രമേ ഒരു പെൺകുട്ടി സന്യാസവസ്ത്രം ധരിച്ചു തുടങ്ങൂ എന്നതിനാൽ, ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ കാലയളവിൽ യൂണിഫോം അവർ ധരിക്കാതിരിക്കാറില്ല. തുടർന്നുള്ള കാലങ്ങളിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിൽ നിയന്ത്രണമുള്ള കലാലയങ്ങളിൽ നിർബ്ബന്ധബുദ്ധിയോടെ പഠിക്കാൻ ചേരുകയോ, മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുതിരുകയോ അവർ ചെയ്യാറുമില്ല. സന്യാസ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ദുരാരോപണങ്ങൾ ഉയർത്തുന്നവർ ഇക്കാര്യം അന്വേഷിക്കുന്നത് യുക്തമാണ്.

വസ്ത്രധാരണ സംസ്കാരം

വസ്ത്രം എന്നാൽ ഏതോ പ്രാകൃതമായ പ്രത്യയശാസ്ത്രത്തിന്റെ ബാഹ്യരൂപം എന്ന ആശയം ഉള്ളിൽ സൂക്ഷിക്കുന്ന പക്ഷം കെ.ടി. ജലീലിനെപ്പോലെയുള്ളവർക്ക് സ്വാഭാവികമായും ചില സന്ദേഹങ്ങൾ തോന്നാം. എന്നാൽ, വസ്ത്രധാരണങ്ങളുടെയും ജീവിതശൈലികളുടെയും വ്യത്യാസങ്ങളെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കുന്ന പക്ഷം ഇത്തരം അബദ്ധങ്ങൾ പതിവായി ആവർത്തിക്കേണ്ടതായി വരില്ല. വസ്ത്രധാരണങ്ങളുടെ കാര്യത്തിൽ നിഷ്ഠകൾ പുലർത്തുന്ന ജനവിഭാഗങ്ങൾ പലതുണ്ട്. അത്തരക്കാർക്ക് സ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കാൻ കഴിയുന്നുണ്ട് എന്നുള്ളതും ഇത്തരത്തിൽ തീവ്ര ഇസ്ലാമിക ചിന്താഗതികൾ വച്ചുപുലർത്തുന്നവർ ചിന്തിക്കേണ്ടതുണ്ട്. സിഖ് മതവിശ്വാസികളാണ് പ്രധാന ഉദാഹരണം. മതാചാരപ്രകാരം അവരുടെ വസ്ത്രധാരണത്തിന്റെ നിഷ്ഠ എക്കാലവും അവർ പാലിച്ചുവരുന്നു. അതിന് ഭരണഘടനയുടെ പിന്തുണയുമുണ്ട്. ആരംഭകാലം മുതൽ ഒരേ നിലപാടിൽ ഉറച്ചുനിൽക്കുകയും, ആ നിലപാടിന് വ്യക്തമായ അടിസ്ഥാനം ഉണ്ടായിരിക്കുകയും ചെയ്തു എന്നതിനാലാണ് അവർക്ക് എക്കാലവും നിയമപരിരക്ഷ ഉണ്ടായിട്ടുള്ളത്.

കൂടുതൽ രൂക്ഷത പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക മതമൗലിക വാദവും തീവ്രവാദ ചിന്തകളും, അനുബന്ധമായി വളർന്നുവരുന്ന ഭീകരവാദവും ലോകസമൂഹത്തെ മുഴുവൻ അസ്വസ്ഥതയിലാഴ്ത്തുന്ന കാലമാണിത്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം നീക്കങ്ങളെ സംശയദൃഷ്ടിയോടെ നോക്കിക്കാണാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത് തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രവർത്തകർ തന്നെയാണ്. പുതുതായി ഉയർന്നുവരുന്ന ആവശ്യങ്ങളുടെയും നിർബന്ധബുദ്ധികളുടെയും പേരിൽ വിദ്വേഷപ്രസംഗങ്ങളും പ്രക്ഷോഭങ്ങളും നടത്തി ക്രമസമാധാന പ്രശ്നങ്ങളും അസമാധാനവും സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രവണതകൾ ന്യായീകരണമർഹിക്കുന്നവയല്ല. അത്തരം വാദഗതികളുടെ തുടർച്ചയായി ഉയരുന്ന അർത്ഥശൂന്യമായ ആശയപ്രചരണങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയ പ്രവർത്തകരുടെയും, നിയമസഭാ സാമാജികരുടെയും പക്ഷത്തു നിന്ന് ഉയരുന്നത് പ്രതിഷേധാർഹമാണ്.

– the Vigilant Catholic

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.