
നവംബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനത്തെക്കുറിച്ച് വെളിപ്പെടുത്തി നിയുക്ത യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോട്ര ഡാം കത്തീഡ്രൽ വീണ്ടും തുറക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ഡിസംബർ ഏഴിന് പാരീസിലേക്കു പോകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ട്രംപ് പ്രശംസിച്ചു. “നോട്രെ ഡാം കത്തീഡ്രലിനെ അതിന്റെ മുഴുവൻ മഹത്വത്തിലേക്കും പുനഃസ്ഥാപിച്ചുവെന്ന് ഉറപ്പാക്കുന്ന അത്ഭുതകരമായ ഒരു ജോലി അദ്ദേഹം ചെയ്തു. അതിലുപരിയായി, ഇത് എല്ലാവർക്കും വളരെ സവിശേഷമായ ഒരു ദിവസമായിരിക്കും” – ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ട്രംപിനെ അഭിനന്ദിച്ച ആദ്യ വിദേശനേതാക്കളിൽ ഒരാളാണ് മാക്രോൺ.
അതീവ സുരക്ഷാസംവിധാനത്തിലായിരിക്കും നോട്രെ ഡാം കത്തീഡ്രൽ വീണ്ടും തുറക്കുക. അൻപതോളം രാഷ്ട്രത്തലവന്മാർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന പരിപാടിയിൽ ശനി, ഞായർ ദിവസങ്ങളിൽ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും ജെൻഡർമേരിയിലെ അംഗങ്ങളെയും വിന്യസിക്കുമെന്ന് പാരീസ് പൊലീസ് മേധാവി ലോറന്റ് ന്യൂനെസ് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഈ പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ പറഞ്ഞിരുന്നു.
ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ചിന്റെ അധ്യക്ഷതയിൽ നടക്കുന്ന ശുശ്രൂഷയിൽ മാക്രോണും മറ്റ് ഉദ്യോഗസ്ഥരും പാരീസിലെ വൈദികരും പങ്കെടുക്കും. പാരീസ് അതിരൂപതയിലെ 106 ഇടവകകളിൽനിന്ന് ഓരോ വൈദികരോടൊപ്പം ലോകമെമ്പാടുമുള്ള 170 ബിഷപ്പുമാരും വൈദികരും സന്നിഹിതരാകും. ഡിസംബർ 16 മുതൽ കത്തീഡ്രലിന്റെ ദൈനംദിന ഷെഡ്യൂൾ പുനരാരംഭിക്കും.
ഫ്രാൻസിന്റെ ടൂറിസം ബോർഡിന്റെ കണക്കനുസരിച്ച്, തീപിടിത്തത്തിന് മുമ്പ്, കത്തീഡ്രൽ പ്രതിവർഷം 14 ദശലക്ഷം മുതൽ 15 ദശലക്ഷം വരെ സന്ദർശകരെ ആകർഷിച്ചിരുന്നു.