ഇറാഖിലെ ദേവാലയത്തിൽ രക്തസാക്ഷികളായ രണ്ട് വൈദികരുടെ തിരുശേഷിപ്പുകൾ കണ്ടെത്തി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രക്തസാക്ഷിത്വം വരിച്ച രണ്ട് കൽദായ വൈദികരുടെ തിരുശേഷിപ്പുകൾ കണ്ടെത്തി. ഇറാഖിലെ ഖരാഘോഷ് ഗ്രാമത്തിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന സെന്റ് ഡൊമിനിക് ദേവാലയത്തിലാണ് തിരുശേഷിപ്പുകൾ കണ്ടെത്തിയത്.

ഇറ്റലിയിൽ നിന്നുള്ള നാല് ഫോറൻസിക് ഉദ്യോഗസ്ഥരാണ് ദേവാലയത്തിൽ ഖനനം നടത്തിയത്. നാലു ദിവസത്തെ ഖനനത്തിനൊടുവിലാണ് അവർ രണ്ട് വൈദികരുടെ തിരുശേഷിപ്പുകൾ പുറത്തെടുത്തത്. മൊസൂളിലെ ഫാ. യുസഫ് ജാബോ സാകാര്യയും സെന്റ് എഫ്രേം സന്യാസ സമൂഹാംഗമായ ഫാ. ബെഹ്‌നം ഹനം മിഖോ ഖോസിമിയുമാണ് മരിച്ച വൈദികർ. വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷിക്കാൻ 1915 ജൂണിൽ മൊസൂളിൽ നിന്നും ഖരാഘോഷിലേക്ക് ഇവർ യാത്ര ചെയ്തിരുന്നു. ഈ യാത്രയിലാണ് ഇവർ അവിചാരിതമായി ടർക്കിഷ് സൈനികരാൽ അവർ കൊല്ലപ്പെടുന്നത്.

ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് കത്തോലിക്കർ കടുത്ത പീഡനം നേരിട്ടിരുന്ന കാലഘട്ടത്തിലാണ് ഇവർ കൊല്ലപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാൽ ദശലക്ഷത്തിലധികം കൽദായ കത്തോലിക്കരാണ് അവരുടെ വിശ്വാസത്തിന്റെ പേരിൽ മരണം വരിച്ചത്. ഇവയിൽ, ചുരുക്കം ചിലരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 2018-ൽ, 40 കൽദായ കത്തോലിക്കരുടെ നാമകരണ നടപടികൾക്ക് കത്തോലിക്കാ സഭ തുടക്കം കുറിച്ചിരുന്നു. ഇവരിൽ നാല് കൽദായ ബിഷപ്പുമാരും വൈദികരും ഏഴ് ഡൊമിനിക്കൻ സന്യാസിനികളും സാധാരണക്കാരും ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.