
സിറിയയിൽ മതന്യൂനപക്ഷങ്ങൾ തുടർച്ചയായി ചൂഷണം, ആക്രമണം, നാശനഷ്ടങ്ങൾ എന്നിവയ്ക്ക് വിധേയമാകുന്നുവെന്ന് USCIRF-ന്റെ റിപ്പോർട്ട്. മതസ്വാതന്ത്ര്യത്തെക്കുറിച്ചും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ തുർക്കിയുടെ പങ്കാളിത്തത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) നടത്തിയ മീറ്റിംഗിലാണ് ഈ വെളിപ്പെടുത്തൽ.
സിറിയയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നു. USCIRF ഹിയറിംഗ് സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസാദിന്റെ ഭരണകൂടത്തെയും തന്റെ സ്വന്തം ഇസ്ലാമിക ശാഖയോട് ചേർന്നുനിൽക്കാത്ത മതഗ്രൂപ്പുകളിലെ അംഗങ്ങളോട് വിവേചനം കാണിക്കാനുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ ശ്രമങ്ങളെയും കുറിച്ച് USCIRF കമ്മീഷണർ ഷാരോൺ ക്ലീൻബോം വെളിപ്പെടുത്തി.
മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ നശിപ്പിച്ചതും മതന്യൂനപക്ഷ സമുദായങ്ങൾക്കു നേരെയുള്ള ക്രൂരമായ ആക്രമണങ്ങളും നാടുകടത്തലും ഉൾപ്പെടെയുള്ള മതപീഡനത്തിന്റെ നിരവധി സംഭവങ്ങൾ ഈ മീറ്റിംഗിൽ ചർച്ചയായി. കൂടാതെ, കിഴക്കൻ സിറിയയിൽ ഐഎസിൽ നിന്ന് മിക്കവാറും എല്ലാ ദിവസവും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് മേഖലയിലെ മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചു.
സിറിയയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ തുർക്കിയുടെ പങ്കാളിത്തവും ഹിയറിംഗിൽ ഊന്നിപ്പറഞ്ഞു. മതന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടർക്കഥയാവുകയാണ് സിറിയയിൽ. ക്രിസ്ത്യൻ അഭയാർത്ഥികളെ നാട്ടിലേക്ക് മടങ്ങുന്നത് തടയുകയും അവശേഷിക്കുന്നവരെ പലായനം ചെയ്യാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നതിലൂടെ വിവിധ തരത്തിലുള്ള ഇസ്ലാമിക ഗ്രൂപ്പുകൾ യുദ്ധത്തിൽ തകർന്ന സിറിയയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്.