
ഗാസയിലെ ഹമാസ് തീവ്രവാദികൾ പല ഒളിത്താവളങ്ങളിലേക്കു തന്നെ മാറ്റിയതായും ഒരുഘട്ടത്തിൽ തിരക്കേറിയ ഒരു മാർക്കറ്റിലൂടെ കഴുതവണ്ടിയിൽ സ്ത്രീവേഷം ധരിച്ച ഒരു തീവ്രവാദിയോടൊപ്പം താൻ യാത്രചെയ്തതായും കുടുംബത്തോടു വെളിപ്പെടുത്തി ഹമാസിന്റെ തടവിൽനിന്നു മോചിതനായ അമേരിക്കൻ – ഇസ്രായേലി പൗരൻ എഡാൻ അലക്സാണ്ടർ.
ഒരുവർഷത്തിലേറെയായി ഭൂഗർഭ തുരങ്കങ്ങൾ, ഹമാസിന്റെ സുരക്ഷിതഭവനങ്ങൾ, പള്ളികൾ, സ്കൂളുകൾ, കുടിയിറക്കപ്പെട്ട പലസ്തീനികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന കൂടാരങ്ങൾ എന്നിവിടങ്ങളിലായിരുന്നു എഡാൻ തടവിലാക്കപ്പെട്ടത്. അതേസമയം, ഒരു തുരങ്കം തകർന്ന് അദ്ദേഹത്തിനു പരിക്കേറ്റതായി എഡാന്റെ പിതാവ് മുമ്പ് സ്ഥിരീകരിച്ചിരുന്നു.
കടൽവെള്ളം കുടിക്കാൻ നിർബന്ധിക്കുകയും വൃത്തിയില്ലാത്ത റൊട്ടി മാത്രം കഴിക്കാൻ നൽകുകയും ചെയ്തതിനാൽ എഡാന്റെ ഭാരം ഏകദേശം 20 കിലോഗ്രാം കുറഞ്ഞു. തന്റെ തടവിനെ ‘നരകത്തിലെ ഒരുവർഷം’ എന്നാണ് എഡാൻ വിശേഷിപ്പിച്ചത്.