നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികരിൽ ഒരാൾ മോചിതനായി

ജൂലൈ നാലിന് നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ഇമ്മാനുവൽ സിലാസിനെ 24 മണിക്കൂറിനുള്ളിൽ വിട്ടയച്ചു. കഫൻചാൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ ജൂലൈ അഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ജൂലൈ നാലിന് പുലർച്ചെ തട്ടിക്കൊണ്ടുപോയ ഫാ. സിലാസിനെ ബന്ദികളാക്കിയവർ അന്ന് രാത്രി ഒൻപത് മണിയോടെ അദ്ദേഹത്തെ വിട്ടയച്ചു. ഞങ്ങളുടെ വൈദികന്റെ വേഗത്തിലുള്ള മോചനത്തിനായി പ്രാർത്ഥനകളും അപേക്ഷകളും അർപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും മോചിതനാകാനുള്ള രണ്ട് വൈദികർക്ക് വേണ്ടി പ്രാർത്ഥനകൾ തുടരുക.” – രൂപതാ ചാൻസലർ വെളിപ്പെടുത്തി.

കടുന സ്റ്റേറ്റിലെ കൗരു ഏരിയയിലെ സാംബിനയിലെ സെന്റ് ചാൾസ് കാത്തലിക് ചർച്ചിന്റെ വൈദിക വസതിയിൽ നിന്നാണ് ആയുധധാരികളായ ആളുകൾ ഫാ. സിലാസിനെ തട്ടിക്കൊണ്ടുപോയത്. ജൂലൈ രണ്ടിന് ബെനിൻ-എക്‌പോമ എക്‌സ്‌പ്രസ്‌വേയിൽ ആയുധധാരികളായ ആളുകൾ രണ്ട് വൈദികരുടെ കാർ ആക്രമിച്ചതിന് ശേഷം ഉറോമി രൂപതയിലെ രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയി. ദിവസങ്ങൾക്ക് മുമ്പ്, രണ്ട് വൈദികർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഒരാൾ ജൂൺ 25 -ന് കടുന അതിരൂപതയിലും മറ്റൊരാൾ ജൂൺ 26 -ന് ഓച്ചി രൂപതയിലും ആണ് കൊല്ലപ്പെട്ടത്.

മോചനദ്രവ്യത്തിനായി പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകുകയും ചിലപ്പോൾ തട്ടിക്കൊണ്ടുപോയവരെ കൊല്ലുകയും ചെയ്യുന്ന സായുധ സംഘങ്ങളുടെ നിരന്തരമായ ഭീഷണി നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്നു. 2009-ൽ ബൊക്കോ ഹറാം കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഈ പശ്ചിമാഫ്രിക്കൻ രാജ്യം അരക്ഷിതാവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.