ക്രിസ്തുവിനെയും ക്രിസ്തുവിശ്വാസത്തെയും അവഹേളിച്ച് പ്രഭാഷണം; മതപ്രഭാഷകനെതിരെ കേസെടുത്തു

യേശുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ചു സംസാരിച്ച മതപ്രഭാഷകനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അൽ ഹിക്കാമിക്ക് എതിരെയാണ് നടപടി. ബിജെപി നേതാവ് അനൂപ് ആന്റണിയുടെ ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മതപ്രഭാഷകനായ വസീം അൽ ഹിക്കാമിയുടെ യൂട്യൂബ് വീഡിയോയാണ് വിവാദങ്ങളിലേക്കു നയിച്ചത്. ക്രൈസ്തവർ പുണ്യദിനമായി കാണുന്ന ക്രിസ്‌തുമസിനേയും യേശുവിന്റെ ജനനത്തെയും അവഹേളിച്ചു സംസാരിച്ചു എന്നായിരുന്നു ആരോപണം. മതപ്രഭാഷകനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് അനൂപ് ആന്റണി സംസ്ഥാന ഡിജിപി-ക്കും സൈബർ ക്രൈം വിഭാഗത്തിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. യൂട്യൂബ് ദൃശ്യങ്ങൾ പരിശോധിച്ച കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.

പിന്നീട് കൊച്ചി സൈബർ പൊലീസ് വസീം അൽ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂർവ്വം പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാനസ്വഭാവമുളള മറ്റൊരു പരാതിയിൽ വസീം അൽ ഹിക്കാമിക്കെതിരെ കോട്ടയം സൈബർ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.