സംസ്ഥാന കൃഷിവകുപ്പിന്റെ ‘ഹരിതമുദ്ര പുരസ്‌കാരം’ റേഡിയോ മാറ്റൊലിക്ക്

മാനന്തവാടി – കേരള സംസ്ഥാന കൃഷിവകുപ്പിന്റെ ഇത്തവണത്തെ ‘ഹരിതമുദ്ര പുരസ്‌കാരം’ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിക്ക് ലഭിച്ചു. കാര്‍ഷികമേഖലയുടെയും കര്‍ഷകരുടെയും വികസനത്തിനു വേണ്ടി അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് സംസ്ഥാന കൃഷിവകുപ്പ് നല്‍കുന്നതാണ് പുരസ്‌കാരം.

പ്രോഗ്രാം പ്രൊഡ്യൂസര്‍ സ്മിത ജോണ്‍സണ്‍ തയ്യാറാക്കി അവതരിപ്പിച്ച ‘ഞാറ്റുവേല’ എന്ന കാര്‍ഷിക പരിപാടിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കൃഷിയുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങള്‍, കമ്പോള വിലനിലവാരം, സമകാലിക സംഭവങ്ങള്‍ ചിത്രീകരണരൂപത്തിലവതരിപ്പിക്കുന്ന ചായക്കട, കാലാവസ്ഥ എന്നിവയടങ്ങുന്ന പരിപാടിയാണ് ഞാറ്റുവേല. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദില്‍ നിന്ന് സ്മിത ജോണ്‍സണ്‍ ഏറ്റുവാങ്ങി.

ഇത് രണ്ടാം തവണയാണ് ഹരിതമുദ്ര പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക് ലഭിക്കുന്നത്. 2019ലാണ് ഇതിനുമുമ്പ് മാറ്റൊലിക്ക് ഹരിതമുദ്ര പുരസ്‌കാരം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.