‘ഞങ്ങളെ എത്രയും വേഗം മോചിപ്പിച്ചില്ലെങ്കിൽ മരണപ്പെടാം’ – വീഡിയോ സന്ദേശത്തിലൂടെ കാമറൂണിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികർ

കാമറൂണിലെ മാംഫെ രൂപതയിൽ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടു പോകപ്പെട്ട അഞ്ച് കത്തോലിക്കാ വൈദികരും ഒരു സന്യാസിനിയും മറ്റ് മൂന്നു പേരും തങ്ങളുടെ മോചനത്തിനായി അഭ്യർത്ഥിക്കുന്ന വീഡിയോ സന്ദേശം പുറത്തിറങ്ങി. സെപ്തംബർ 16-ന് കാമറൂണിലെ മാംഫെ രൂപതയിലെ സെന്റ് മേരീസ് കാത്തലിക് എൻചാങ് ഇടവകയിലാണ് അജ്ഞാതരായ ആയുധധാരികൾ ആക്രമണം നടത്തിയത്. ഒമ്പതു പേരെ തട്ടിക്കൊണ്ടു പോകുകയും ഇടവക ദൈവാലയം ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ കത്തിക്കുകയും ചെയ്തു.

ഫാ. ഏലിയാസ് ഒകോറി, ഫാ. ബർണബാസ് ആഷു, ഫാ. കൊർണേലിയസ് ജിങ്‌വ, ഫാ. ജോബ് ഫ്രാൻസിസ് ന്വോബെഗു, ഫാ. ഇമ്മാനുവൽ അസബ, സിസ്റ്റർ ജസീന്ത സി. ഉദേഘ, എൻകെം പാട്രിക് ഒസാങ് (അസിസ്റ്റന്റ് കാറ്റക്കിസ്റ്റ്), ബ്ലാഞ്ചെ ബ്രൈറ്റ്, എംമെ എന്നിവരെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്. ഒക്ടോബർ 19-ന് പ്രചരിപ്പിച്ച 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, തട്ടിക്കൊണ്ടു പോകപ്പെട്ടവരിലൊരാളായ ഫാദർ ജിംഗ്‌വ, അവരുടെ അവസ്ഥകൾ വിവരിക്കുകയും മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യാൻ ബിഷപ്പ് അലോഷ്യസ് ഫോണ്ടോംഗ് അബംഗലോയോട് അപേക്ഷിക്കുകയും ചെയ്യുന്നു.

“ഞങ്ങൾ ഈ നാളുകളിൽ ജീവിച്ചത് വളരെ വിഷമകരമായ അവസ്ഥയിലാണ്. ഇനിയും ഇങ്ങനെ മുന്നോട്ട് പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇവിടെ നിന്ന് മോചിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു; അല്ലെങ്കിൽ ഞങ്ങൾ മരിക്കും. ഞാൻ രോഗിയായിരുന്നു, എന്റെ സഹോദരന്മാർക്കും സുഖമില്ല” – വീഡിയോ സന്ദേശത്തിൽ വൈദികൻ വെളിപ്പെടുത്തുന്നു.

കാമറൂണിലെ ബമെൻഡ അതിരൂപതയിലെ ആർച്ചുബിഷപ്പ് ആൻഡ്രൂ എൻകിയ ഫുവാൻയ സെപ്റ്റംബർ 21-ന് നടത്തിയ അഭിമുഖത്തിൽ, തട്ടിക്കൊണ്ടു പോയവർ പണം മാത്രമാണ് ചോദിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരുന്നു. വിഘടനവാദി പോരാളികളെന്ന് അവകാശപ്പെടുന്ന തട്ടിക്കൊണ്ടു പോയവർ, പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് ഇത്തരം അക്രമണങ്ങളെ കാണുന്നത്. എന്നാൽ മോചനദ്രവ്യം നൽകാൻ സഭയുടെ പക്കൽ പണമില്ല – ആർച്ചുബിഷപ്പ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.