2023- ലെ ലോക യുവജന സമ്മേളനത്തിലേക്ക് പേര്‌ രജിസ്റ്റർ ചെയ്ത് പോർച്ചുഗൽ പ്രസിഡന്റ്

ലിസ്ബണിൽ നടക്കുന്ന 2023- ലെ ലോക യുവജന സമ്മേളനത്തിലേക്ക് ഒരു തീർത്ഥാടകനായി പേര് രജിസ്റ്റർ ചെയ്ത് പോർച്ചുഗൽ പ്രസിഡന്റ്, മാർസെലോ റെബെലോ ഡി സൂസ. ‘രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ സമ്മേളനം’ എന്നാണ് പ്രസിഡന്റ് ലോകയുവജന സമ്മേളനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 26- ന്, ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രാദേശിക സംഘാടകസമിതിയുടെ (COL) ആസ്ഥാനം രാഷ്ട്രത്തലവൻ സന്ദർശിച്ചു. തുടർന്ന് ഈ അന്താരാഷ്ട്ര പരിപാടിയിലേക്ക് എല്ലാ കത്തോലിക്കരെയും ക്ഷണിക്കുകയും ചെയ്തു. “സമ്മേളനം നടക്കുന്ന ദിവസം നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തി മുന്നോട്ട് പോകുക” – പ്രസിഡന്റ് ഓർമ്മപ്പെടുത്തി.

ലോക യുവജന സമ്മേളനത്തിന്റെ രജിസ്ട്രേഷൻ ഇപ്പോൾ തീർത്ഥാടകർ, സന്നദ്ധപ്രവർത്തകർ, വൈദികർ, ബിഷപ്പുമാർ എന്നിവർക്കായി ഔദ്യോഗിക രജിസ്ട്രേഷൻ പ്ലാറ്റ്ഫോം വഴി തുറന്നിരിക്കുന്നു. യൂത്ത് ഫെസ്റ്റിവൽ, വൊക്കേഷണൽ ഫെയർ എന്നിവയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനും സജീവമാണ്. രജിസ്ട്രേഷൻ പ്രക്രിയ അഞ്ച് ഭാഷകളിൽ (പോർച്ചുഗീസ്, ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്) ലഭ്യമായ ഒരു ഫോം പൂരിപ്പിച്ച് ഓൺലൈനായാണ് നടത്തുന്നത്.

ലോകമെമ്പാടുമുള്ള യുവജനങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന ദിനമാണ് ലോക യുവജന ദിനം. 1985- ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ഈ സമ്മേളനം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.