യുദ്ധവിരാമത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനം ആചരിച്ച് ഇറ്റലി

വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ നാമത്തിലുള്ള സമൂഹമായ “കൊമുണിത്താ പാപ്പാ ജൊവാന്നി വെന്തിത്രേയേസിമൊ”യുടെ (Comunità Papa Giovanni XXIII) ആഭിമുഖ്യത്തിൽ ഒക്ടോബർ 15 -ന് പ്രാർത്ഥനാ-ഉപവാസ ദിനം ആചരിച്ച് ഇറ്റലി. ഉക്രൈയിനിൽ യുദ്ധവിരാമത്തിനും സമാധാനം സംജാതമാകുന്നതിനും വേണ്ടിയുള്ള സംഭാഷണത്തിൻറെ പാതയിൽ ഉക്രൈനും റഷ്യയും കൈകോർക്കുന്നതിന് വേണ്ടിയാണ് ഈ പ്രാർത്ഥനാ ദിനം.

ഇറ്റലിക്കാരനായ ഒറേസ്തെ ബെൻസി എന്ന വൈദികൻ ദാരിദ്ര്യം, വ്യഭിചാരം, അംഗവൈകല്യം കൗമാരപ്രായക്കാരുടെ മാഗ്ഗഭ്രംശം തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങൾക്കെതിരെ പോരാടുന്നതിനു വേണ്ടി 1968-ൽ, ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ നാമത്തിൽ രൂപം നല്കിയ സമൂഹമായ “കൊമുണിത്താ പാപ്പാ ജൊവാന്നി വെന്തിത്രേയേസിമൊ”യുടെ (Comunità Papa Giovanni XXIII) ആഭിമുഖ്യത്തിൽ ശനിയാഴ്ച (15/10/22) ആണ് ഈ ദിനം ആചരിക്കപ്പെട്ടത്.

ഈ ദിനാചരണം അഹിംസാമാർഗ്ഗമാണെന്ന് ഇതെക്കുറിച്ചുള്ള പത്രക്കുറിപ്പിൽ പറയുന്ന ഈ സമൂഹം അഹിംസാകർമ്മത്തിൻറെ ആദ്യ ഉപാധി ഉപവാസമാണെന്നും അത് പ്രാർത്ഥനയുമായി കൈകോർക്കുമ്പോൾ ലോകമഖിലമുള്ള സകല പ്രമുഖമതങ്ങളുടെയും കൂട്ടായ്മായ്ക്കും ആദ്ധ്യാത്മിക വളർച്ചയ്ക്കും സുപ്രധാന അവസരമായി ഭവിക്കുമെന്നും വിശദീകരിച്ചു..

നടപ്പുവർഷം ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനെതിരെ ആരംഭിച്ച ക്രൂരമായ സായുധാക്രമണത്തെ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ സമൂഹം ഐക്യരാഷ്ട്രസംഘടനയുടെ പൊതുയോഗത്തോടു ചേർന്ന് അപലപിക്കുന്നുവെന്ന് ഈ സമൂഹത്തിൻറെ അദ്ധ്യക്ഷൻ ജൊവാന്നി പാവൊളൊ റമോന്ത വെളിപ്പെടുത്തി.

ആക്രമണം നാടകീയമായ ഒരു ഭാവം ആർജ്ജിച്ചിരിക്കയാണെന്നും അത് കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്ന അപകടമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.