ക്യൂബയിലെ ഏറ്റവും വലിയ ദാരിദ്ര്യം സ്വാതന്ത്ര്യമില്ലായ്മ: സ്പാനിഷ് വൈദികൻ

ക്യൂബയിലെ ജനങ്ങൾ അതിജീവനത്തിന്റെ പാതയിലാണെന്നും അവർ അനുഭവിക്കുന്ന ഏറ്റവും വലിയ ദാരിദ്ര്യം സ്വാതന്ത്ര്യമില്ലായ്മയാണെന്നും ഫാ. ബ്ലാഡിമിർ നവാരോ. ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’-നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“2022 ജൂലൈ 11-ന് ക്യൂബയിൽ നടന്ന പ്രതിഷേധങ്ങൾ അവിടുത്തെ സ്ഥിതി കൂടുതൽ വഷളാക്കി. ക്യൂബൻ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം, അധികാരം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് അവരുടെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം വളരാൻ അവർ പുതിയ നിയമങ്ങൾ പാസാക്കി. പ്രതിഷേധിച്ച നിരവധി യുവാക്കൾ ഇപ്പോൾ ജയിലിലാണ്. പല ചെറുപ്പക്കാർക്കും 10 വർഷത്തിലധികം തടവുശിക്ഷയാണ് ലഭിച്ചത്; ശിക്ഷിക്കപ്പെട്ടവരിൽ പലരും പ്രായപൂർത്തിയാകാത്തവരും. ക്യൂബൻ ജനത ആവശ്യപ്പെടുന്നത് സ്വാതന്ത്ര്യമാണ്. അവർ ആഗ്രഹിക്കുന്നത് ജീവിക്കാനാണ് അതിജീവിക്കാനല്ല” – ഫാ. ബ്ലാഡിമിർ പറഞ്ഞു. കമ്മ്യൂണിസത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവർ പോലും ഇപ്പോൾ രാജ്യത്ത് അറസ്റ്റിലാവുകയാണ്. രാജ്യത്തു നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിക്കുകയാണെന്ന് ഫാ. ബ്ലാഡിമിർ കൂട്ടിച്ചേർത്തു.

പ്രസ്തുത സാഹചര്യത്തിൽ ക്രിസ്തുവാണ് ക്യൂബൻ ജനതയുടെ ഏക പ്രത്യാശ. ക്രിസ്തു, നിരാശപ്പെടുത്താത്ത പ്രത്യാശയാണ്. എങ്കിലും യുവജനങ്ങളിൽ നിന്ന് പ്രത്യാശ അകലുന്നതായാണ് ഇപ്പോൾ കാണുന്നത്. പലരും രാജ്യം വിടുകയാണ്. വിശ്വാസികളോട് ക്യൂബയിലെ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പ്രാർത്ഥനയാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്നും ഫാ. ബ്ലാഡിമിർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.