ക്രിസ്തുവിന്റെ സമാധാനം നൽകുന്ന സന്തോഷം സ്വന്തമാക്കുക: ഫ്രാൻസിസ് പാപ്പാ

അക്രമങ്ങളാലും യുദ്ധങ്ങളാലും ധൈര്യം നഷ്ടപ്പെട്ട ഒരു ലോകത്ത്, ക്രൈസ്തവർ ക്രിസ്തുവിനെപ്പോലെ സമാധാനത്തിന്റെ സന്ദേശം നൽകാൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. അപ്പസ്തോലിക യാത്രയുടെ ഭാഗമായി ന്തോളോ വിമാനത്താവളത്തിൽ ലക്ഷക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ അർപ്പിക്കപ്പെട്ട ബലിമധ്യേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“കുരിശിന്റെ അപഹാസ്യതയിലും യേശുവിനെ വിട്ട് ഓടിയതിന്റെ വേദനയിലും അവന്റെ തന്നെ അവസാനം തങ്ങൾക്കും ഉണ്ടാകുമോ എന്ന ഭീതിയിലും കഴിഞ്ഞിരുന്ന ശിഷ്യർക്കാണ് യേശു സമാധാനമേകുന്നത്. എല്ലാം അവസാനിച്ചുവെന്ന് തോന്നുന്നിടത്താണ് യേശു അതിശയകരമായ രീതിയിൽ ഇടപെടുന്നത്. പ്രതീക്ഷയറ്റ് അടിത്തട്ടിലെത്തിയ മനുഷ്യരെയാണ് അവൻ കരം പിടിച്ചുയർത്തിയതും. ക്രൈസ്തവർ എന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ ദുഃഖത്തിനും വിധിവാദത്തിനും ഇടമില്ല. അക്രമങ്ങളാലും യുദ്ധങ്ങളാലും ധൈര്യം നഷ്ടപ്പെട്ട ഒരു ലോകത്ത്, ക്രൈസ്തവർ ക്രിസ്തുവിനെപ്പോലെ സമാധാനത്തിന്റെ സന്ദേശം നൽകാൻ വിളിക്കപ്പെട്ടവരാണ്” – പാപ്പാ ഓർമ്മിപ്പിച്ചു.

നമ്മുടെ മുറിവുകളുടെയും വേദനകളുടെയും മുന്നിൽ യേശുവിന്റെ മുറിവുകളിലേക്ക് നോക്കാൻ നാം പഠിക്കണം. അവൻ നമ്മോടൊപ്പം വേദനിക്കുകയും നമ്മുടെ മുറിവുകൾ കാണുകയും അവയെ സുഖപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവരാജ്യമെന്ന് പറയുകയും അക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഈ രാജ്യത്തോട് ദൈവം പറയുന്നത്, ആയുധങ്ങൾ നിലത്തുവയ്ക്കാനും കരുണയെ ആശ്ലേഷിക്കാനുമാണ് – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.