മാർപ്പാപ്പയുടെ കസാക്കിസ്ഥാൻ സന്ദർശനം റഷ്യൻ കത്തോലിക്കർക്ക് പ്രധാനപ്പെട്ടത്: മോസ്‌കോ ആർച്ച് ബിഷപ്പ്

സെപ്റ്റംബർ 13-15 തീയതികളിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കസാക്കിസ്ഥാനിലേക്കുള്ള അപ്പസ്‌തോലിക യാത്ര റഷ്യൻ കത്തോലിക്കരെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് മോസ്കോയിലെ ആർച്ച് ബിഷപ്പ് പൗലോ പെസി. പാപ്പായുടെ സന്ദർശനത്തിന് മുന്നോടിയായി മോസ്കൊ അതിരൂപത സംഘടിപ്പിക്കുന്ന തീർഥാടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ ഐക്യത്തിന്റെ സാക്ഷികളാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ, തീർത്ഥാടനം സെപ്റ്റംബർ 12 – ന് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ആരംഭിക്കും. സൈബീരിയൻ നഗരമായ ഓംസ്കിൽ അവസാനിപ്പിച്ച്, സെപ്റ്റംബർ 13 -ന് കസാക്കിസ്ഥാനിലെ കരഗണ്ടയിലേക്ക് പോകും. അവിടെ നിന്ന് തീർത്ഥാടകർ 1930 നും 1960 നും ഇടയിൽ പതിനായിരക്കണക്കിന് തടവുകാർക്ക് ജീവൻ നഷ്ടപ്പെട്ട ഏറ്റവും വലിയ സോവിയറ്റ് ഗുലാഗുകളിൽ ഒന്നായ കാർലാഗിലേക്ക് പോകും. ഇത് റഷ്യക്കാർ ഉൾപ്പെടെ നിരവധി ക്രിസ്ത്യാനികൾ രക്തസാക്ഷിത്വം വരിച്ച സ്ഥലമാണ്.

സെപ്റ്റംബർ 14 -ന്, സംഘം കസാഖ് തലസ്ഥാനമായ നൂർ-സുൽത്താനിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. മോസ്കോയിലേക്കുള്ള മടക്കയാത്ര സെപ്റ്റംബർ 15 -ന് ആരംഭിക്കും.

ഈ തീർത്ഥാടനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ആർച്ച് ബിഷപ്പ് പൗലോ പെസി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.