മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം: മുസ്ലീം നേതാക്കളുമായും ക്രിസ്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും

ബഹ്‌റൈനിലേക്കുള്ള മാർപാപ്പയുടെ ആദ്യ സന്ദർശന വേളയിൽ, ഫ്രാൻസിസ് മാർപാപ്പ അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തുകയും ബഹ്‌റൈനിലുള്ള പുതിയ കത്തോലിക്കാ കത്തീഡ്രൽ ദൈവാലയത്തിൽ പ്രാർത്ഥിക്കുകയും ചെയ്യും. നവംബർ 3 മുതൽ 6 വരെ തീയതികളിൽ നടത്തുന്ന അപ്പസ്തോലിക യാത്രയുടെ വിവരണവും വത്തിക്കാൻ പുറത്തിറക്കി.

നവംബർ മൂന്നിന് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നിന്ന് 12 മൈൽ അകലെയുള്ള ചെറിയ മുനിസിപ്പാലിറ്റിയായ അവാലിയിൽ ഫ്രാൻസിസ് മാർപാപ്പ വിമാനമിറങ്ങും. തുടർന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചക്കു ശേഷം ഫ്രാൻസിസ് പാപ്പാ ക്രൈസ്തവ സമൂഹത്തെ അഭിസംബോധന ചെയ്യും. സന്ദർശനത്തിന്റെ രണ്ടാം ദിവസം ‘ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യസഹവർത്തിത്വ’ത്തിൽ മാർപാപ്പ സമാപനപ്രസംഗം നടത്തും. അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ-തയേബും ഫ്രാൻസിസ് മാർപാപ്പക്കൊപ്പം ഫോറത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിലേക്ക് പോകുന്നുണ്ട്. സെപ്റ്റംബറിൽ കസാക്കിസ്ഥാനിൽ നടന്ന ഒരു മതാന്തര ഉച്ചകോടിയിൽ ഇരുവരും കണ്ടുമുട്ടിയിരുന്നു.

മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗങ്ങളുമായി സഖിർ റോയൽ പാലസിലെ പള്ളിയിൽ സംസാരിക്കുന്നതിനു മുമ്പ് ഫ്രാൻസിസ് എൽ-തയീബുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും. നവംബർ അഞ്ചിന് ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നവംബർ ആറിന് മനാമയിലെ സേക്രഡ് ഹാർട്ട് ചർച്ചിൽ പ്രാദേശിക കത്തോലിക്കരുമൊത്തുള്ള പ്രാർത്ഥനാസമ്മേളനവും ആഞ്ചലൂസ് പ്രാർത്ഥനയും ഉണ്ടായിരിക്കും.

സൗദി അറേബ്യയുടെ കിഴക്കും ഖത്തറിനു പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ബഹ്‌റൈനിൽ 1.7 ദശലക്ഷം ജനസംഖ്യയുണ്ട്. ജനസംഖ്യയിൽ ഏകദേശം 70 % മുസ്ലീങ്ങളാണ്, ഭൂരിപക്ഷവും രാജ്യത്തിന്റെ സംസ്ഥാനമതമായ ഇസ്ലാമിന്റെ ഷിയ വിഭാഗത്തിൽപെട്ടവരാണ്. ക്രിസ്ത്യാനികൾ ഏകദേശം 2,10,000 ആളുകൾ, ആകെ ജനസംഖ്യയുടെ 14 % വരും, ഹിന്ദുക്കൾ 10 % ആണ്. ബഹ്‌റൈനിൽ ഏകദേശം 80,000 കത്തോലിക്കർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അവരിൽ പലരും ഫിലിപ്പീൻസ്, ഇന്ത്യ മുതലായ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.