പാരമ്പര്യത്തിലൂന്നി, ഒരുമയോടെ സുവിശേഷമറിയിക്കുക: ഫ്രാൻസിസ് പാപ്പാ

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനു നൽകിയ സന്ദേശത്തിൽ, പാരമ്പര്യത്തിന്റെ പ്രാധാന്യവും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും സുവിശേഷത്തിന്റെ സാംസ്‌കാരിക അനുരൂപണത്തെയും കുറിച്ച് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നവംബർ 24- ന് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. കമ്മീഷൻ അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിൽ അവർ ഇത്തവണ വിചിന്തനം ചെയ്‌ത കാര്യങ്ങളെപ്പറ്റി പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രതിപാദിച്ചു.

അതനുസരിച്ച് ഒന്നാമതായി, ആയിരത്തി എഴുന്നൂറോളം വർഷങ്ങൾക്കു മുൻപ് നിഖ്യാ കൗൺസിൽ പ്രഖ്യാപിച്ച ക്രിസ്തുശാസ്ത്രത്തിന്റെ പ്രാധാന്യം; രണ്ടാമതായി, ഇന്ന് ഉയർന്നുവരുന്നതും മാനവകുടുംബത്തിന്റെ മുൻപോട്ടുളള യാത്രയിൽ പ്രധാനപ്പെട്ടതുമായ നരവംശ ശാസ്ത്രപരമായ ചോദ്യങ്ങൾ ദൈവിക രക്ഷാപദ്ധതിയുടെ വെളിച്ചത്തിൽ പരിശോധിക്കുക; മൂന്നാമതായി, ഭൂമിയിലെ പാവപ്പെട്ട മനുഷ്യരുടെ നിലവിളി ശ്രവിച്ചുകൊണ്ട് ത്രിത്വപരമായ വീക്ഷണത്തിൽ സൃഷ്ടിയുടെ ദൈവശാസ്ത്രത്തിന്റെ ആഴത്തിലുള്ള പഠനം എന്നിങ്ങനെയുള്ള മൂന്ന് കാര്യങ്ങൾ പഠിക്കാൻ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ തിരഞ്ഞെടുത്തതിൽ പാപ്പാ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇക്കാര്യങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ അറുപതു വർഷങ്ങൾക്കു മുൻപ് നൽകിയ മാർഗ്ഗരേഖയിലൂടെ തങ്ങളുടെ സേവനം തുടരാൻ പാപ്പാ അവരോട് ആവശ്യപ്പെട്ടു.

പാരമ്പര്യത്തോടുള്ള ക്രിയാത്മകമായ വിശ്വസ്തതയോടെ മുന്നോട്ടുനീങ്ങാനാണ് പരിശ്രമിക്കേണ്ടതെന്നു പറഞ്ഞ പാപ്പാ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ദൈവവചനത്തിന്റെയും ദൈവജനത്തിന്റെ വിശ്വാസത്തിന്റെയും സഭയുടെ ഔദ്യോഗിക പഠിപ്പീരുകൾ, പ്രത്യേക പ്രാഭവങ്ങൾ എന്നിവയുടെ ശ്രവണത്തിലൂടെയും കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിഞ്ഞും (Dei Verbum n. 8) ആണ് ഇത് സാധ്യമാകേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

രണ്ടാമതായി, സുവിശേഷം കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും അത് വിവിധ സംസ്കാരങ്ങളിൽ അനുരൂപണം ചെയ്യുന്നതിനുമായി, അകത്തോലിക്കർ ഉൾപ്പെടെയുള്ള വിദഗ്ധരുമായി ആലോചിച്ച്, വിവിധ വിഭാഗങ്ങൾ നൽകുന്ന സംഭാവനകൾ വിവേകത്തോടെ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുക്കുക എന്നതാണ്. അനേകം വിജ്ഞാനശാഖകൾ ഉണ്ടാവുക എന്നതിനേക്കാൾ, അവ പരസ്പരം സഹായിച്ച് മുന്നോട്ട് പോവുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.

മൂന്നാമത്തെ നിർദ്ദേശം, കോളേജിയാലിറ്റി – ഒരുമിച്ചുള്ള പ്രവർത്തനം സംബന്ധിച്ചുള്ളതാണ്. ഇപ്പോൾ നടന്നുവന്നുകൊണ്ടിരിക്കുന്ന സിനഡൽ പ്രക്രിയയുടെ പശ്ചാത്തലത്തിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭയുടെ ജീവിതത്തിലും ദൗത്യത്തിലും സിനൊഡാലിറ്റിക്കുള്ള പ്രാധാന്യം സംബന്ധിച്ച രേഖ പറയുന്നതുപോലെ, മറ്റേതൊരു വിളിയും പോലെ ദൈവശാസ്ത്രജ്ഞന്റെ ശുശ്രൂഷയും വ്യക്തിപരം എന്നതിനപ്പുറം സമൂഹപരവും കൂട്ടായതുമാണ് എന്ന് പാപ്പാ വിശദീകരിച്ചു. അങ്ങനെ സഭാപരമായി ഒരുമിച്ചുള്ള പ്രവർത്തനം, ദൈവശാസ്ത്രജ്ഞരുടെ ഇടയിലും പരസ്പരം ശ്രവണത്തിനും സംവാദങ്ങൾക്കും ദൈവശാസ്ത്രം വളർത്തുന്നതിൽ വിവേചനത്തിനും, വൈവിധ്യങ്ങളുടെ സമന്വയത്തിനും പ്രേരിപ്പിക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.