മനുഷ്യസഹവാസത്തിന്റെ മരുഭൂമിയിൽ സാഹോദര്യത്തിന്റെ നദികൾ ഒഴുക്കുക: പാപ്പാ

സഖീർ രാജകൊട്ടാരത്തിൽ ബഹറിൻ രാജാവുമായി നടത്തിയ ഉപചാര സന്ദർശനത്തിനു ശേഷം ഫ്രാൻസിസ് പാപ്പാ അധികാരികളെയും പൊതുസമൂഹത്തിലെ അംഗങ്ങളെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധന ചെയ്തു. ബഹറിൻ രാജ്യത്തിന്റെ ഊർജ്ജസ്വലതയുടെ ഏറ്റവും മികച്ച അടയാളമായി ജീവന്റെ വൃക്ഷത്തെക്കുറിച്ചുള്ള വിചിന്തനമാണ് പാപ്പാ നടത്തിയത്.

ബഹറിനിലേക്കുള്ള അപ്പസ്തോലിക യാത്രയിലെ ആദ്യത്തെ പൊതുകൂടിക്കാഴ്ചയിൽ “ജീവന്റെ വൃക്ഷത്തിന്റെ” പ്രതിച്ഛായ രാജ്യത്തെ ഊർജ്ജസ്വലതയുടെ പ്രതീകമായി പാപ്പാ വിശദീകരിച്ചു. ഗാംഭീര്യമുള്ള അക്കേഷ്യ (ഒരു തരം അരളിമരം) അതിന്റെ ആഴത്തിലുള്ള വേരുകൾ കൊണ്ടാണ് മഴ കുറഞ്ഞ മരുഭൂമിയിൽ പിടിച്ചുനിന്നതെന്ന് പാപ്പാ പറഞ്ഞു.

4500 വർഷം പഴക്കമുള്ള ചരിത്രത്താൽ ബഹറിന്റെ വേരുകൾ, അതിന്റെ വംശീയവും സാംസ്കാരികവുമായ വൈവിധ്യത്തിലും സമാധാനപൂർവ്വമായ സഹവർത്തിത്വത്തിലും ജനങ്ങളുടെ പരമ്പരാഗത ആതിഥ്യമര്യാദയിലും തിളങ്ങുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. ഈ വൈവിധ്യം ലോകത്തിൽ ഒരുമിച്ചു ജീവിക്കാനുള്ള കഴിവിനും ആവശ്യകതക്കും സാക്ഷ്യം വഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ആതിഥ്യമര്യാദ, മറ്റുള്ളവരോടുള്ള കരുതൽ, സാഹോദര്യബോധം എന്നിവ കൈവരിക്കാൻ പലവിധത്തിലുള്ള കുറവുകൾ ഇനിയും നികത്തേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

ജീവന്റെ വൃക്ഷത്തിന്റെ പ്രതിരൂപത്തിലേക്ക് തിരിഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ മനുഷ്യസഹവാസത്തിന്റെ വരണ്ട മരുഭൂമികളിലേക്ക് സാഹോദര്യത്തിന്റെ ജലം കൊണ്ടുവരാനും അതിനായി ഒരുമിച്ചു പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.