വയോധികർ ആർദ്രതയുടെ ഗുരുക്കന്മാരെന്ന് ഫ്രാൻസിസ് പാപ്പാ

ഒരു ജനതയുടെ വേരുകളെയും ഓർമ്മകളെയുമാണ് വയോധികർ പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ടു തന്നെ വയോധികരായ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. ജൂലൈ മാസത്തിലേക്കുള്ള പ്രാർത്ഥനാ നിയോഗങ്ങൾ അടങ്ങിയ ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം അഭ്യർത്ഥിച്ചത്.

“നമുക്കിടയിലുള്ള വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ, കുടുംബമെന്ന ആശയത്തെക്കുറിച്ച് നമുക്ക് സംസാരിക്കാനാകില്ല” എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. മാനവരാശിയുടെ ചരിത്രത്തിലിന്നോളം ഉള്ളതിൽ ഏറ്റവും കൂടുതൽ ആളുകളാണ് ഇന്ന് ജീവിച്ചിരിക്കുന്നതെങ്കിലും, നാം ആയിരിക്കുന്ന ഈ പുതിയ ഘട്ടം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് നമുക്ക് അറിയില്ല എന്ന് മാത്രമല്ല, വയോധികരെ സഹായിക്കാനായി പല പദ്ധതികളും നിലവിലുണ്ടെങ്കിലും അവരുടെ അസ്തിത്വത്തെ പരിഗണിക്കുന്ന തീരെ കുറച്ച് പദ്ധതികളെ നിലവിലുള്ളൂ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വയോധികരായ തങ്ങൾക്ക് പരിചരണത്തിനെക്കുറിച്ചും വിചിന്തനത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും പ്രത്യേകമായ ഒരു സൂക്ഷ്മബോധം ഉണ്ടെന്നും തങ്ങൾക്ക് ആർദ്രതയുടെ ഗുരുക്കളാകാൻ സാധിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധങ്ങൾ ശീലമായ ഈ ലോകത്ത് ആർദ്രതയുടെ ഒരു വിപ്ലവമാണ് നമുക്ക് ആവശ്യമുള്ളതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇതു സംബന്ധിച്ച്, യുവജനങ്ങളുടെ കാര്യത്തിൽ നമുക്ക് വലിയൊരു ഉത്തരവാദിത്വമുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന അപ്പമാണ് മുത്തശ്ശീമുത്തച്ഛന്മാരും, വയോധികരുമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവർ ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണെന്നും അതുകൊണ്ടു തന്നെ അവരെയോർത്ത് നാം സന്തോഷിക്കേണ്ടതുണ്ടെന്നും അവർക്കായി ഒരു പ്രത്യേക ദിനം സമർപ്പിച്ചിട്ടുണ്ടെന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.