യുവകലാകാരന്മാർക്ക് മാർപാപ്പ നൽകിയ ഉപദേശം

യുവസംഗീതജ്ഞരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും അവർക്ക് ഉപദേശം നൽകുകയും ചെയ്ത് ഫ്രാൻസിസ് പാപ്പാ. ‘യഥാർത്ഥവും സർഗ്ഗാത്മകവുമായ വിധത്തിൽ നിങ്ങളാകാൻ ഭയപ്പെടരുത്’ എന്ന് യുവകലാകാരന്മാരോട് ഫ്രാൻസിസ്‌ പാപ്പാ പറഞ്ഞു. ഗ്രാവിസിമം എജ്യുക്കേഷണൽ പൊന്തിഫിക്കൽ ഫൗണ്ടേഷൻ പ്രോത്സാഹിപ്പിക്കുന്ന ക്രിസ്‌തുമസ് ഗാനമത്സരത്തിൽ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തവെയാണ് പാപ്പാ ഈ കാര്യം ഓർമ്മിപ്പിച്ചത്.

“യുവകലാകാരന്മാരേ, ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം നൽകട്ടെ? ഫാഷനുകളുടെയോ, വിജയത്തിന്റെയോ മാത്രം പിന്നാലെ പോകരുത്. ബെത്‌ലഹേമിലെ യേശുവിന്റെ ജനനവും ഇന്നത്തെ മനുഷ്യരാശിയുടെ അർത്ഥവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജവും ചീഞ്ഞതുമായ ക്രിസ്‌തുമസിന്റെ വിഷയങ്ങൾ ആവർത്തിക്കരുത്. നിങ്ങൾ സ്വയം, യഥാർത്ഥവും സൃഷ്ടിപരവുമായിരിക്കാൻ ഭയപ്പെടരുത്” – പാപ്പാ ഓർമ്മപ്പെടുത്തി.

“അത്ഭുതത്തിന്റെയും ലാളിത്യത്തിന്റെയും ഈ സർഗ്ഗാത്മകശൈലി ഉപയോഗിച്ച്, സമാധാനത്തിന്റെ ലക്ഷ്യത്തിൽ നിങ്ങളുടെ സംഭാവനകൾ നൽകാം. അത് തന്റെ പുത്രന്റെ ജനനത്തോടെ ദൈവം ലോകത്തിനു നൽകാൻ ആഗ്രഹിച്ച മഹത്തായ സമ്മാനമാണ്” – മാർപാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.