കോംഗോ സന്ദർശനം പൂർത്തിയാക്കി മാർപാപ്പാ ഇനി ദക്ഷിണ സുഡാനിലേക്ക്; സന്ദർശനത്തിന്റെ തലേദിവസവും സുഡാനിൽ കൂട്ടക്കൊലപാതകം

ജനുവരി 31 മുതൽ ആരംഭിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള പാപ്പായുടെ അപ്പസ്തോലിക സന്ദർശനം പൂർത്തിയായി. പതിറ്റാണ്ടുകളായി സംഘർഷങ്ങളും ദാരിദ്ര്യവും തരണം ചെയ്യാൻ പാടുപെടുന്ന മറ്റൊരു ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലേക്കുള്ള പാപ്പായുടെ സന്ദർശനം ആരംഭിച്ചു.

മാർപാപ്പ സന്ദർശനത്തിന് എത്തുന്നതിന് ഒരു ദിവസം മുൻപ് ദക്ഷിണ സുഡാനിലെ സെൻട്രൽ ഇക്വറ്റോറിയ സ്റ്റേറ്റിൽ കന്നുകാലികളെ മേയ്ക്കുന്നവരും പ്രാദേശിക സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ മാർപാപ്പയുടെ സന്ദർശനം ആശങ്ക ഉയർത്തുന്നുവെങ്കിലും ഒപ്പം പ്രതീക്ഷയും നൽകുന്നുണ്ട്. ഒരു പതിറ്റാണ്ടായി നീണ്ടുനിന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള സമാധാനശ്രമങ്ങൾക്ക്, പാപ്പായുടെ സന്ദർശനത്തിലൂടെ ആരംഭം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജൂബയിലേക്കാണ് മാർപാപ്പ എത്തുന്നത്. ആഗോള ആംഗ്ലിക്കൻ കമ്മ്യൂണിയൻ നേതാവായ കാന്റർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബിയും ചർച്ച് ഓഫ് സ്കോട്ട്‌ലൻഡിന്റെ ജനറൽ അസംബ്ലിയുടെ മോഡറേറ്ററായ ഇയിൻ ഗ്രീൻഷീൽഡ്‌സും ദക്ഷിണ സുഡാനിലേക്കുള്ള സന്ദർശനവേളയിലുടനീളം മാർപാപ്പയോടൊപ്പം ചേരും. ‘സമാധാനത്തിന്റെ തീർത്ഥാടനം’ എന്ന് വിളിക്കപ്പെടുന്ന ഈ സന്ദർശനം മൂന്ന് ക്രിസ്ത്യൻ നേതാക്കൾ നടത്തുന്ന ആദ്യത്തെ സംയുക്ത വിദേശയാത്രയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.