പറന്നുയരുക, സ്വപ്നം കാണുക, സൃഷ്ടി ചെയ്യുക: യുവതലമുറയോട് പാപ്പാ

ഈശോയുടെ കണ്ണുകളിൽ യുവജനം പ്രത്യാശയുടെ ഉറവിടമാണെന്ന് മാർപ്പാപ്പാ. ‘എക്കിപ്പാസ് ജ് ജോവെൻസ് ജ് നോസ സെഞ്ഞോറ’ എന്ന പ്രസ്ഥാനത്തിലെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു കൊണ്ട് സംസാരിക്കവേയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ഇരുന്നൂറ്റിയമ്പതോളം യുവജനങ്ങൾ പാപ്പായുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

“ഒരോ യുവാവും യുവതിയും സഭയുടെ പ്രത്യാശയുടെ ഉറവിടമാണ്. സംഘം ചേരുകയെന്നത് ഒരു ദാനമാണ്. “ഞാൻ തനിച്ചാണ്, സ്വയം രക്ഷിച്ചു” എന്ന് ആർക്കും പറയാനകില്ല. എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ഒരുമിച്ചുള്ള മുന്നേറ്റത്തിന് ആഹ്വാനം നൽകുന്നത് തന്നെ എങ്ങനെ കൂട്ടായ്മയിൽ പ്രവർത്തിക്കാൻ സാധിക്കും എന്നു പഠിക്കുന്നതിനാണു. ജീവിതത്തിൽ തുറവുള്ളവരാകാനും സാഹസം കാട്ടാനും ഭയപ്പെടരുത്. അപരനെ പേടിക്കാതെ മുന്നോട്ട് പോകുവാൻ യുവജനങ്ങൾക്ക്‌ കഴിയണം. സ്വയം രക്ഷിക്കാനല്ല ഇരകളെ സംരക്ഷിക്കാനായിരിക്കണം ശ്രമിക്കേണ്ടത്,” പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ഒപ്പം അനുദിനം പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ പാപ്പാ ഓർമിപ്പിച്ചു.

ഭാവി ചിറകുകളും വേരുകളുമുള്ള യുവജനങ്ങളുടേതാണ്. സ്വപ്നം കാണാനും സൃഷ്ടിചെയ്യാനുമാണ് ചിറകുകൾ ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്നത്. വേരുകളാകട്ടെ, പ്രായം ചെന്നവർ പ്രദാനം ചെയ്യുന്ന ജ്ഞാനത്താൽ കുതിരുന്നതിനും. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.