സാഹോദര്യബന്ധങ്ങൾ വാഴുന്ന ജീവസാന്ദ്രമായ ഒരു സമൂഹം പടുത്തുയർത്തുക: ഫ്രാൻസിസ് പാപ്പാ

‘ഫീയാത്ത്’ എന്ന പ്രസ്ഥാനത്തിൻറെ സ്ഥാപകരുടെ സുവേശേഷാത്മക ഉൾക്കാഴ്ചകളോടു വിശ്വസ്ത പുലർത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ, ദൈവിക പരിപാലന അവരുടെ പാതയിലെത്തിക്കുന്ന എല്ലാവരോടും സുവിശേഷം പങ്കുവയ്ക്കുന്നതിന് പ്രതിബദ്ധതയുള്ളവരാണെന്ന് പാപ്പാ. ഇന്നിന്റെ ദുരന്തങ്ങൾ, വിശിഷ്യ, ഉക്രയിൻ യുദ്ധം സ്നേഹ നാഗരികതയുടെ അടിയന്തിരാവശ്യകതയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.

കത്തോലിക്കാ സഭയുടെയും സഭാതലവന്മാരുടെയും പ്രബോധനങ്ങൾ പിൻചെന്നുകൊണ്ട് സഭയുടെ ദൗത്യനിർവ്വഹണത്തിൽ പങ്കുചേരുക എന്ന ലക്ഷ്യത്തോടെ ബെൽജിയം സ്വദേശി കർദ്ദിനാൾ ലേയൊൺ ജോസെഫ് സുവെനെൻസും അയർലണ്ട് സ്വദേശിനി വെറോണിക്ക ഒ ബ്രയെനും ചേർന്ന് രൂപം നല്കിയ ഫീയാത്ത് (Fiat) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചായോഗത്തിൽ സംബന്ധിച്ച നൂറ്റിയിരുപതോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

‘ഫീയാത്ത്’ എന്ന പ്രസ്ഥാനത്തിൻറെ സ്ഥാപകരുടെ സുവേശേഷാത്മക ഉൾക്കാഴ്ചകളോടു വിശ്വസ്ത പുലർത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ, ദൈവിക പരിപാലന അവരുടെ പാതയിലെത്തിക്കുന്ന എല്ലാവരോടും സുവിശേഷം പങ്കുവയ്ക്കുന്നതിന് പ്രതിബദ്ധതയുള്ളവരാണെന്ന് പാപ്പാ സംതൃപ്തി രേഖപ്പെടുത്തി.

സഭയുടെ ദൗത്യത്തിൻറെ കാതൽ സുവിശേവത്ക്കരണമാണെന്ന വസ്തുത ഊന്നിപ്പറഞ്ഞ പാപ്പാ, പരിശുദ്ധാത്മ പ്രേരണയാൽ പുറത്തേക്കിറങ്ങുന്ന സഭയിൽ നായകരാകാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു. എന്നും ഉപരിയുപരി ലൗകികമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ സ്വന്തം വിശ്വാസം പ്രഖ്യാപിക്കുന്നതിൽ ബോധ്യമുള്ളവരും നമ്മുടെ ഇക്കാലത്തെ സ്ത്രീപുരുഷന്മാർക്ക് പ്രത്യാശയുടെ ദീപശിഖ കൈമാറാൻ കഴിവുറ്റവരുമായ ക്രിസ്തു ശിഷ്യന്മാരെ ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു.

ഇക്കൊല്ലം ഫെബ്രുവരി 24-ന് (2024) ഉക്രയിനിൽ റഷ്യ ആരംഭിച്ച സായുധാക്രമണത്തെക്കുറിച്ച് സുചിപ്പിച്ചുകൊണ്ട് പാപ്പാ യുദ്ധത്തിൻറെ ഭീകരതയ്ക്ക് ഇരകളായ നമ്മുടെ സഹോദരീസഹോദരന്മാരുടെ വദനത്തിൽ നാം വായിച്ചറിയുന്നത്, ഔന്നത്യം, സമാധാനം, സ്നേഹം എന്നിവയാൽ മുദ്രിതമായ ഒരു ജീവിതത്തിനായുള്ള അഗാധവും അടിയന്തിരവുമായ ആവശ്യമാണെന്ന് പ്രസ്താവിച്ചു.

കഷ്ടപ്പെടുന്നവർക്ക് നമ്മുടെ ഹൃദയം നാം, കന്യകാമറിയത്തെപ്പോലെ, തുറന്നുകൊടുത്തുകൊണ്ട് അവരോട് സമീപസ്ഥരായിരിക്കനുള്ള പ്രേഷിത ചൈതന്യം നിരന്തരം വളർത്തിയെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നാം അവരോടൊപ്പം സഞ്ചരിക്കുകയും അവരുടെ മാനവാന്തസ്സിനായി പോരാടുകയും എങ്ങും ദൈവസ്നേഹത്തിൻറെ പരിമളം പരത്തുകയും ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.