മെയ് 31- ന് ലോകസമാധാനത്തിനായി ജപമാല പ്രാർത്ഥനക്ക് ഒരുങ്ങി മാർപാപ്പ

യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രത്യാശയുടെ അടയാളമായി ജപമാല പ്രാർത്ഥന നയിക്കാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ. മെയ് 31- ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ വച്ചാണ് പ്രാർത്ഥന നടക്കുന്നത്.

മെയ് 31- ന് വൈകുന്നേരം ആറു മണിക്ക് റോമിലെ മരിയൻ ബസിലിക്കയിലെ മേരി റെജീന പാസിസ് (സമാധാനരാജ്ഞി) രൂപത്തിന്റെ മുന്നിൽ വച്ചാണ് ജപമാല ചൊല്ലുന്നത്. “സമാധാനരാജ്ഞിയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു” – വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സെന്റ് മേരി മേജർ ബസിലിക്കയിൽ സ്ഥിതിചെയ്യുന്ന സമാധാനരാജ്ഞിയുടെ രൂപത്തിന് ഒരു പ്രത്യേക ചരിത്രമുണ്ട്. 1918- ലെ ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം യാചിക്കാൻ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ തീരുമാനിച്ചു. തുടർന്ന് പാപ്പാ വത്തിക്കാൻ മ്യൂസിയത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശിൽപി ഗൈഡോ ഗല്ലിയെ മാതാവിന്റെ ഒരു രൂപം നിർമ്മിക്കാൻ ചുമതലപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി, ഇടതുകൈ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന പരിശുദ്ധ അമ്മയെയാണ് രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വലതുകൈയ്യിൽ സമാധാനത്തിന്റെ പ്രതീകമായ ഒലിവ് ശാഖ പിടിച്ചിരിക്കുന്ന ഉണ്ണിയേശുവിനെയും അമ്മ വഹിക്കുന്നു. സമാധാനത്തിന്റെ പ്രതീകമായി രൂപത്തിന്റെ ചുവട്ടിൽ പൂക്കളും കൊത്തിവച്ചിട്ടുണ്ട്.

വിശ്വാസികൾ പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനാ നിയോഗങ്ങൾ എഴുതിയ കുറിപ്പുകൾ രൂപത്തിന് മുന്നിൽ നിക്ഷേപിക്കുന്ന ഒരു പരമ്പര്യവും നിലവിലുണ്ട്. മെയ് 31- ന് തന്റെ പ്രത്യേക നിയോഗം സമർപ്പിച്ച് മാർപാപ്പ രൂപത്തിന് മുന്നിൽ പൂക്കളും അർപ്പിക്കും.

വിവിധ വിഭാഗങ്ങളിലുള്ള വിശ്വാസികൾ മാർപാപ്പയുടെ പ്രാർത്ഥനയെ പിന്തുണക്കാൻ റോമിൽ അന്നേ ദിവസം സന്നിഹിതരായിരിക്കും. കഴിഞ്ഞ ആഴ്‌ചകളിൽ ആദ്യ കുർബാനയും തൈലാഭിഷേകവും സ്വീകരിച്ച കുട്ടികൾ, റോമിലെ ഉക്രേനിയൻ കുടുംബങ്ങൾ, മരിയൻ ആർഡന്റ് യൂത്തിന്റെ (GAM) പ്രതിനിധികൾ, വത്തിക്കാൻ ജെൻഡർമേരി കോർപ്‌സ്, പൊന്തിഫിക്കൽ സ്വിസ് ഗാർഡ് എന്നിവരും ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ സന്നിഹിതരായിരിക്കും. ‘വിർജിൻ മേരി ക്വീൻ ഓഫ് പീസ്’ എന്ന നാമത്തിലുള്ള റോമിലെ മൂന്ന് ഇടവകകളും റോമൻ ക്യൂറിയയിലെ അംഗങ്ങളും ഈ പ്രാർത്ഥനയിൽ മാർപാപ്പായുടെ ഒപ്പമുണ്ടാകും.

ലോകമെമ്പാടുമുള്ള നിരവധി ദേവാലയങ്ങളും ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളികളാകും. ഫ്രാൻസിസ് പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലുന്ന അതേ സമയം തന്നെ ഈ ദേവാലയങ്ങളിലും വിശ്വാസികൾ ഒരുമിച്ച് ജപമാല ചൊല്ലുന്നതാണ്. അങ്ങനെ അനേകരാണ് പാപ്പായ്ക്ക് പിന്തുണയുമായി എത്തുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.