അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകന്മാരാകുക: കോംഗോയിലെ ബിഷപ്പുമാരോട് പാപ്പാ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കത്തോലിക്കാ ബിഷപ്പുമാരുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. കോംഗോയിലെ ജനങ്ങളുടെ ഇടയിൽ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകരാകാനും ശുശ്രൂഷയിൽ ദൈവം തങ്ങളോട് അടുത്തുനിൽക്കുന്നുവെന്നും മാർപാപ്പ ബിഷപ്പുമാരെ ഓർമ്മിപ്പിച്ചു. ഡിആർസി -യിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ നാലാമത്തെയും അവസാനത്തെയും ദിവസമായ ഫെബ്രുവരി മൂന്നിനായിരുന്നു പാപ്പായുടെ ഈ സന്ദേശം.

2022 ജൂലൈയിൽ സന്ദർശനം നടത്താൻ നിശ്ചയിച്ചിരുന്നതിനാൽ, തന്റെ സന്ദർശനത്തിനായി ബിഷപ്പുമാരെ രണ്ടു തവണ തയ്യാറാക്കാൻ പ്രേരിപ്പിച്ചതിന് മാർപാപ്പ തന്റെ പ്രസംഗത്തിൽ ക്ഷമാപണം നടത്തി. കോംഗോയിലെ ജനങ്ങളുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനും കോംഗോയിലെ പച്ചപ്പുള്ള വനത്തിന്റെ വിശാലതയിൽ ‘സൃഷ്ടിയുടെ സൗന്ദര്യം’ സംരക്ഷിക്കുന്നതിനുമുള്ള അവരുടെ ദൗത്യത്തെക്കുറിച്ചും പാപ്പാ ബിഷപ്പുമാരോട് സംസാരിച്ചു.

“ഈ ജനതയുടെ ചരിത്രത്തിൽ, യേശു കഷ്ടപ്പെട്ടതും ക്രൂശിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതും ക്രൂരമായ അക്രമങ്ങളാൽ പീഡിപ്പിക്കപ്പെട്ടതും, സമൂഹത്തെ മലിനമാക്കുന്ന അഴിമതിയുടെയും അനീതിയുടെയും മലിനജലത്തിൽ ജീവിക്കാൻ നിർബന്ധിതരാകുന്നതിലും കുട്ടികൾ ദാരിദ്ര്യം അനുഭവിക്കുന്നതിലും ഞാൻ കാണുന്നു” – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മറ്റുള്ളവരെ നല്ല ഇടയനായ ഈശോയിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നതിന്, ദൈവത്തിന്റെ സാമീപ്യത്തിൽ ആശ്വാസം കണ്ടെത്താൻ പാപ്പാ ബിഷപ്പുമാരെ പ്രോത്സാഹിപ്പിച്ചു. ബിഷപ്പുമാരുടെ അജപാലന ശുശ്രൂഷ, വേദനിക്കുന്നവരുടെ മുറിവുകളിൽ സ്പർശിക്കുകയും ദൈവത്തിന്റെ സാമീപ്യം അറിയിക്കുകയും വേണം. അങ്ങനെ കോംഗോയിലെ വിശ്വാസി സമൂഹത്തിന് അവരുടെ ‘അപമാനത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും’ കരകയറാൻ സാധിക്കും – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.