
അഹംഭാവത്തെ തോൽപിച്ചവരായിരുന്നു യേശുവും ബുദ്ധനുമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 17-ന് തായ്ലാൻഡിൽ നിന്നുള്ള ബുദ്ധസന്യാസികളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും മനുഷ്യത്വത്തിന്റെ അഭാവവും തകർന്ന ഭൂമിയുടെ നിലവിളിയുമാണ് നാം കേൾക്കുന്നത്. സംഘർഷത്തിനും അക്രമത്തിനും കാരണമാകുന്ന അഹംഭാവത്തെ മറികടക്കേണ്ടതിന്റെ ആവശ്യകത ബുദ്ധനും യേശുവും മനസ്സിലാക്കിയിരുന്നു. തിന്മ ഒഴിവാക്കാനും നന്മ വളർത്താനും മനസിനെ ശുദ്ധീകരിക്കാനും അഹംഭാവത്തെ മാറ്റിനിർത്തണമെന്ന് ബുദ്ധൻ പഠിപ്പിച്ചിരുന്നു. അതുപോലെ ക്രിസ്തു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നതും പരസ്പരം സ്നേഹിക്കാനാണ്” – പാപ്പാ പറഞ്ഞു. എല്ലാവരും സഹോദരങ്ങളാണെന്ന തിരിച്ചറിവിലേക്ക് നാം വളരണമെന്നും അതുപോലെ ദരിദ്രരോടും അടിച്ചമർത്തപ്പെട്ടവരോടും അനുകമ്പ കാണിക്കണമെന്നും പാപ്പാ ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.