ബാലവേലയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക: ഫ്രാൻസിസ് മാർപാപ്പ

ബാലവേലയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ദാരിദ്ര്യത്തെ നിർമാർജ്ജനം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബാലവേല ഉന്മൂലനം സംബന്ധിച്ച അഞ്ചാമത് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“സമൂഹത്തിൽ നിന്ന് ബാലവേലയെ ഉന്മൂലനം ചെയ്യുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നിരുന്നാലും ആഗോള ആരോഗ്യപ്രതിസന്ധിയും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കടുത്ത ദാരിദ്ര്യവും ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കുകയാണ്. തൊഴിലില്ലായ്മ, കുടിയേറ്റം, മാനുഷിക അടിയന്തരാവസ്ഥകൾ തുടങ്ങിയവ ദശലക്ഷക്കണക്കിന് കുട്ടികളെ സാമ്പത്തികവും സാംസ്കാരികവുമായ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു” – പാപ്പാ പറഞ്ഞു.

മെയ് 15 മുതൽ 20 വരെ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വച്ചാണ് ബാലവേല ഉന്മൂലനം സംബന്ധിച്ച അഞ്ചാമത് ആഗോളസമ്മേളനം നടക്കുന്നത്. കുട്ടികളുടെ ഭാവി ഉറപ്പാക്കുന്നത് മാനവകുലത്തിന്റെ ഭാവിയെയാണ് ഉറപ്പാക്കുന്നതെന്നാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. ലോകമെമ്പാടുമുള്ള 160 ദശലക്ഷം കുട്ടികളാണ് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, ബാലവേലയെക്കുറിച്ച് അവബോധം വളർത്താനും അതിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.