നിരാശയിൽ കഴിയുന്നവർ ഉത്ഥിതനായ ക്രിസ്തുവിലേക്ക് മടങ്ങണം: ഫ്രാൻസിസ് മാർപാപ്പ

നിരാശയിൽ കഴിയുന്നവർ ഉത്സാഹവും സന്തോഷവും നിറയുന്നതിനുവേണ്ടി ഉത്ഥിതനായ ക്രിസ്തുവിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മേയ് ഒന്നിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനുശേഷവും മീൻപിടുത്തത്തിലേക്ക് തിരികെ പോയ വ്യക്തിയാണ് വി. പത്രോസ്. രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും നേടാൻ കഴിയാത്ത വി. പത്രോസിനെപ്പോലെയാണ് പല മനുഷ്യരും. കർത്താവിനെ മറക്കാനും അവഗണിക്കാനും മറ്റെന്തെങ്കിലും കൊണ്ട് തൃപ്തിപ്പെടാനുമുള്ള പ്രവണത നമ്മിൽ പലർക്കുമുണ്ട്. പ്രാർത്ഥനയേയും ദാനധർമ്മങ്ങളെയും മറന്ന് നമ്മുടെ ആവശ്യങ്ങളിൽ മാത്രം ഒതുങ്ങികൂടുമ്പോൾ, നമ്മൾ ക്രമേണ നിരാശയിലേക്ക് വീഴുന്നു. യേശുവിനെ അനുഗമിക്കാനായി ഗലീലി തടാകത്തിൽ വച്ച് മൽസ്യബന്ധനം ഉപേക്ഷിച്ച വി. പത്രോസ് അവിടെവച്ചു തന്നെയാണ് മത്സ്യബന്ധനത്തിലേക്ക് മടങ്ങുന്നതും. എന്നാൽ അദ്ധ്വാനിച്ചിട്ടും ഒന്നും നേടാൻ കഴിയാതെ നിരാശനായ പത്രോസ് ശ്ലീഹാ ഉത്ഥിതനായ ക്രിസ്തുവിലേക്ക് മടങ്ങി”- പാപ്പാ പറഞ്ഞു.

ജീവിതത്തിൽ ശൂന്യത അനുഭവപ്പെടുന്നത് ഒരിക്കലൂം പഴയ ജീവിതത്തിലേക്ക് മടങ്ങാനുള്ള വിളിയല്ല. മറിച്ച് ക്രിസ്തുവിനോടൊപ്പം ജീവിതം വീണ്ടും തുടങ്ങാനുള്ള അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.